കാണാതായ കോട്ടയം മള്ളുശ്ശേരി കളരിക്കൽ വീട്ടിൽ കണ്ണൻ എന്നറിയപ്പെടുന്ന പ്രശാന്ത് രാജുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പരേതനായ രാജശേഖരൻ നായരുടെ മകൻ പ്രശാന്തിന്റെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പോലീസ് ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത് ഏറെ നാടകീയ സംഭവങ്ങൾക്ക് ഒടുവിലാണ്.

35 കാരനായ പ്രശാന്തിനെ കാണാനില്ല എന്ന് ബന്ധുക്കൾ വെള്ളിയാഴ്ച രാവിലെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെയാണ് ശനിയാഴ്ച രാവിലെ കത്തിക്കരിഞ്ഞ നിലയിൽ പോലീസ് സ്റ്റേഷനിൽ നിന്നും നിന്നും ഒരു കിലോമീറ്ററോളം അകലെ മുടിയൂർക്കരയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

ചികിത്സിക്കാത്ത ഡോക്ടർ മെയിൽ നഴ്സ് ആയിരുന്ന ഇയാൾ ഡോക്ടർ എന്ന പേരിൽ പണം കടം വാങ്ങിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് കടം വാങ്ങിയിരുന്നതായാണ് പോലീസിന്റെ വിലയിരുത്തൽ. 80 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി പോലീസ് കണക്കുകൂട്ടുന്നു. തൃശൂർ മെഡിക്കൽ കോളജിൽ നിന്നും പഠിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു എന്നായിരുന്നു പലരോടും പറഞ്ഞിരുന്നത്. എന്നാൽ ആരെയും ചികിത്സിച്ച് തട്ടിപ്പ് നടത്തുന്ന രീതി പ്രശാന്തിന് ഇല്ലായിരുന്നു എന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഉപരിപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പണം കടം വാങ്ങിയിരുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ഒരു മാസമായി പ്രശാന്തിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു.

വെള്ളിയാഴ്ച തന്നെ പ്രശാന്തിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിരുന്നു. അതിനിടെയാണ് ശനിയാഴ്ച്ച രാവിലെ പ്രശാന്തിന്റെ ഇന്നോവ കാർ മെഡിക്കൽ കോളേജ് പരിസരത്ത് കൂടി കടന്നു പോകുന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഉടൻതന്നെ ബന്ധുക്കൾ ഗാന്ധിനഗർ സ്റ്റേഷൻ സി ഐയെ വിവരമറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തന്നെയുള്ള പോലീസ് സ്റ്റേഷനിൽ നിന്നും സിഐ ഉൾപ്പെടെയുള്ള സംഘം പ്രശാന്തിന്റെ വാഹനം കണ്ടെത്താൻ ഇറങ്ങി. മെഡിക്കൽ കോളജിന് സമീപത്ത് വച്ച് തന്നെ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.കാർ കസ്റ്റഡിയിലെടുത്ത പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാറോടിച്ചിരുന്നത് ഇന്നോവയുടെ ഉടമസ്ഥനായ ചെങ്ങന്നൂർ സ്വദേശി ജോൺസണായിരുന്നു. കാർ പ്രശാന്തിന്റെ അല്ലെന്നും വാടകയ്ക്ക് നൽകിയതാണെന്നും ജോൺസൺ മൊഴി നൽകി. രേഖകൾ പരിശോധിച്ചപ്പോൾ ഇക്കാര്യം ശരിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പിന്നീട് ഉടമ കൂടുതൽ വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രശാന്തിനെ കുറിച്ചുള്ള യഥാർത്ഥ ചിത്രം പോലീസിന് ലഭിച്ചത്.

ഉടമ പറഞ്ഞത് ഇങ്ങനെ.

മാസങ്ങളായി ഇന്നോവ കാർ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുകയായിരുന്നു പ്രശാന്ത്. വാടക കൃത്യമായി തരുന്ന ശീലം ഉണ്ടായിരുന്നില്ല. ഇനി കാറു നൽകാനാകില്ല എന്ന് ഉടമ പറഞ്ഞപ്പോൾ എൺപതിനായിരം രൂപ ഒറ്റത്തവണയായി നൽകി. മറ്റൊരു സുഹൃത്തിൽ നിന്ന് പണം വാങ്ങിയാണ് പ്രശാന്ത് തുക നൽകിയതെന്നാണ് മനസ്സിലാക്കുന്നത് എന്നും കാറുടമ പറഞ്ഞു. ഒരു ദിവസം 2000 രൂപ എന്ന വാടകയായിരുന്നു എന്നും ഉടമ മൊഴി നൽകി.

കാർ ഉടമയെ കണ്ടെത്തിയതോടെ അന്വേഷണം ഊർജിതമായി. ഇന്നലെ മുതൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കാറിന്റെ ജിപിഎസ് ലൊക്കേഷൻ എടുത്താണ് ഉടമ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും കാർ കണ്ടെത്തിയത്. ഉടമയിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പ്രശാന്ത് മുമ്പ് കാർ പാർക്ക് ചെയ്തിരുന്ന മുടിയൂർക്കരയിലേക്ക് പോകാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌ മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.