ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഡിസംബര്‍ 24ന് നെഞ്ചുവേദനയും പനിയും അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന മുഫ്തിയുടെ ആരോഗ്യനില ഇന്ന് രാവിലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഭരണ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപക നേതാവും കൂടിയാണ് മുഫ്തി മുഹമ്മദ് സയ്യിദ്.
1987വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുഫ്തി മുഹമ്മദ് തുടര്‍ന്ന് 1989ലെ വി.പി. സിങ് മന്ത്രിസഭയില്‍ ജനമോര്‍ച്ചയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ മുസ്ലീം കേന്ദ്ര ആഭ്യന്തര മന്ത്രിയായി. ഇക്കാലത്താണ് അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തിയെ ഭീകരര്‍ തട്ടിക്കൊണ്ട് പോകുന്നതും. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തിയെങ്കിലും 1999ല്‍ മകള്‍ മെഹബൂബയുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പിഡിപി രൂപീകരിച്ചു.
പിന്നീട് 2002 മുതല്‍ 2005 വരെ കോണ്‍ഗ്രസ് പിന്തുണയില്‍ കശ്മീരിന്റെ മുഖ്യമന്ത്രിയായി. പിന്നീട് ഏറെനാളുകള്‍ക്ക് ശേഷം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ബിജെപി പിന്തുണയോടെ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി. മുഫ്തിയുടെ മരണത്തോടെ മകള്‍ മെഹബൂബ മുഫ്തിയാണ് മുഖ്യമന്ത്രിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി എന്നിവര്‍ ഡല്‍ഹി എയിംസില്‍ എത്തിയിരുന്നു. മുഫ്തിയുടെ ഭൗതികദേഹം പാലം വിമാനത്താവളത്തില്‍ നിന്ന് ശ്രീനഗറിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലം വിമാനത്താവളത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ദക്ഷിണ കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ ബിജ്‌ബെഹരയില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.