കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ നിഷാം കുറ്റക്കാരനാണെന്ന് കോടതി. കോലക്കുറ്റങ്ങള്‍ അടക്കമുള്ള ഒമ്പത് കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായിയായ മുഹമ്മദ് നിഷാം കാറിടിപ്പിച്ചും, അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
കെസില്‍ ജനുവരി 31നുള്ളില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസില്‍ 79 ദിവസം നീണ്ടുനിന്ന വിചാരണ പൂര്‍ത്തിയായത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജായ കെ.പി.സുധീറാണ് വിധി പറയുന്നത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. രാമന്‍പിള്ള ഹാജരായി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവാണ് കേസില്‍ വാദിഭാഗത്തിനു വേണ്ടി ഹാജരായത്.
ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ശോഭാ സിറ്റിയിലെ ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി ഹോണടിച്ചിട്ടും ഗേറ്റ് തുറക്കാന്‍ വൈകിയതാണ് നിഷാമിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് രോഷാകുലനായ നിഷാം സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ് അവശനായി മതിലില്‍ ചാരി നിന്ന ചന്ദ്രബോസിനെ തന്റെ ഹമ്മര്‍ കാറില്‍ പിന്നാലെയെത്തി മതിലില്‍ ചേര്‍ത്തിടിക്കുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി. മര്‍ദ്ദനത്തിനിരയായ ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു.