സ്വന്തം ലേഖകൻ

മലയാള ഭാഷയുടെ ക്രൈസ്തവ ആത്മീയ ഗാനശാഖയിൽ നിരവധി കയ്യൊപ്പുകൾ പതിപ്പിച്ച വൈദികനാണ് ഫാദർ ഷാജി തുമ്പേചിറയിൽ. അദ്ദേഹത്തിൻെറ ഏറ്റവും പുതിയ ആൽബമായ ‘ഈശോയുടെ പുഞ്ചിരിയിലെ ‘ ജനശ്രദ്ധ ആകർഷിച്ച ” അമ്പിളിമാമ പാട്ടുകാരാ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള യുവ പ്രതിഭ അന്ന ജിമ്മിയാണ്. അന്നയെ കുറിച്ച് മുൻപ് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു വയസ്സു മുതൽ തന്നെ പാട്ടിലും, നൃത്തത്തിലും ഒരുപോലെ കഴിവുതെളിയിച്ച അന്ന, നിരവധി സ്റ്റേജ് പെർഫോമൻസുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈശോയുടെ പുഞ്ചിരി എന്ന ഈ ആൽബത്തിലെ പാട്ടു കൊണ്ട് അന്ന ജനഹൃദയങ്ങളെ കീഴടക്കുകയാണ്.


ഈ ഗാനത്തിന് വരികൾ രചിക്കുകയും, അവയ്ക്ക് ഈണം പകരുകയും ചെയ്തത് ഫാദർ ഷാജി തുമ്പേചിറയിൽ അച്ചനാണ്. മൂവായിരത്തിൽപ്പരം ഗാനങ്ങൾക്ക് അച്ചൻ ഈണം പകർന്നിട്ടുണ്ട്. ഈ ആൽബത്തിലെ ഗാനങ്ങൾ മുഴുവനും പ്രവാസികളായ കുട്ടികളാണ് ആലപിച്ചിരിക്കുന്നത്. ഫാദർ ഷാജി തുമ്പേചിറയിലിനോടൊപ്പം, ഫാദർ സെബാസ്റ്റ്യൻ ചാമക്കാല, ഫാദർ ജോസഫ് കീഴുകണ്ടയിൽ, ഫാദർ സിറിയക് പാലക്കുടി, അവിനാശ് മാത്യു എന്നിവർ ചേർന്ന് ഒരുക്കിയതാണ് ഈ ആൽബം. സുനിൽ ജോയ് ആണ് ഈ ആൽബത്തിൽ കീബോർഡ് ചെയ്തിരിയ്ക്കുന്നത് . ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് ബിജോ ടോമും, ഏകീകരണം നടത്തിയിരിക്കുന്നത് ഷൈമോൻ തോട്ടുങ്കലുമാണ്. പ്രതിഭകളായ ഒരു പറ്റം പ്രവാസി കുട്ടികളുടെ ശബ്ദവും ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.

ഈ പാട്ടുകളിൽ ഒന്നിന്റെ ഗായികയായ അന്ന ജിമ്മി ഒരു അതുല്യ പ്രതിഭയാണ്. നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ അന്ന നേടിയിട്ടുണ്ട്. 15 വർഷത്തോളമായി പ്രവാസികളായ ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളായ അന്ന എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.