പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ലെന്നു നടനും എംഎൽഎയുമായ മുകേഷ്. ഫോൺ ചെയ്തത് മറ്റാരെങ്കിലുമാകാം. ആരോപണമുന്നയിച്ച കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിനെ ഓർമയില്ല. ‘മീ ടൂ’ ക്യാംപയിനെ പിന്തുണയ്ക്കുന്നു. ദുരനുഭവങ്ങളുണ്ടായാല്‍ പെണ്‍കുട്ടികള്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കണം. കലാരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ വരണമെന്നാണ് ആഗ്രഹം.
വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ താൽപര്യമില്ലെന്നു ടെസ് പറഞ്ഞതും മുഖവിലക്കെടുക്കണം. കോടീശ്വരന്‍ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനിയുടമയും പാര്‍ലമെന്റംഗവുമായ ഡെറക് ഒബ്രയാൻ തന്റെ അടുത്ത സുഹൃത്തും ഗുരുവുമാണ്. അദ്ദേഹം പിന്നീടും തന്നോടു സഹകരിച്ചിട്ടുണ്ട്. ഇത്തരമൊരു ആരോപണം തന്റെ മേലുണ്ടെങ്കിൽ ഒബ്രയോൻ തന്നെ പിന്നീട് സമീക്കുകമോയെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു.
ബോളിവുഡിനേയും മാധ്യമരംഗത്തേയും പിടിച്ചുലച്ച ‘മീ ടൂ’ ക്യാംപയിനില്‍ കുടുങ്ങുന്ന ആദ്യമലയാള സിനിമാപ്രവര്‍ത്തകനാണ് മുകേഷ്. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പ്രവര്‍ത്തിച്ചു എന്ന് മലയാളിയായ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വെളിപ്പെടുത്തി. മുറിയിലേക്ക് ഇടതടവില്ലാതെ ഫോണ്‍ ചെയ്യുകയും പിന്നീട് ഹോട്ടലില്‍ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നും ടെസ് പറഞ്ഞു.
കോടീശ്വരന്‍ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനിയുടമയും പാര്‍ലമെന്റംഗവുമായ ഡെറക് ഒബ്രയാന്‍ ഇടപെട്ടാണ് തന്നെ ചെന്നൈയില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നുവെന്നും ടെസ് പറഞ്ഞു. എന്നാല്‍ ടെസിനെ അറിയില്ലെന്നാണ് മുകേഷിന്റെ നിലപാട്. ആര്‍ക്കും ആരെയും തേജോവധം ചെയ്യാവുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും മുകേഷ് പ്രതികരിച്ചു. വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചതെന്ന് ടെസ് ജോസഫ് പറഞ്ഞു. ‘മീ ടൂ’ ക്യാംപയിനാണ് ഇപ്പോള്‍ കരുത്തായത്.
	
		

      
      



              
              
              




            
Leave a Reply