ആലപ്പുഴ: ഇത്തവണത്തെ ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക ‘മുഖരേഖ’ യുടെ ക്രിസ്മസ് പതിപ്പ് കണ്ട് വിശ്വാസികള്‍ ഞെട്ടി. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഒരു ലേഖനം. ലൈഗികതയെ ശരീരത്തിന്റെയും മനസ്സിന്‍റെയും ആഘോഷമായി ചിത്രീകരിക്കുന്ന ലേഖനം വായിച്ച് യാഥാസ്ഥിതികരില്‍ ഞെട്ടല്‍. എന്നാല്‍ ജീവിതത്തില്‍ ലൈംഗികത ഒഴിവാക്കാന്‍ കഴിയാത്തതും നല്ല ജീവിതത്തിലേക്ക് നയിക്കാന്‍ അഭികാമ്യവും ആയതിനാല്‍ ലേഖനം പള്ളി മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ അപാകതയില്ലെന്ന് പുരോഗമന വാദികള്‍.

”ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്.” മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണിത്. ഡിസംബര്‍ ലക്കത്തില്‍ ‘രതിയും ആയുര്‍വേദവും’ എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് വിമര്‍ശകര്‍ക്കുള്ള പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഗ്ഭടന്റെ ക്ലാസ്സിക് ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തില്‍ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്‌ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തില്‍ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് ‘പത്മിനി’, ‘ചിത്രിണി’, ‘സാംഗിനി’, ‘ഹസ്തിനി’ എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാലു തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ആയുര്‍വേദം കാണിച്ചു തരുന്നതായും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തില്‍ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങള്‍, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തില്‍ എഴുത്തുകാരന്‍ പറയുന്നു. അതേസമയം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടില്‍ പറയുന്ന ലേഖനം ഫെമിനിസ്റ്റുകളുടെ വിമര്‍ശനത്തിന് പാത്രമായേക്കാമെന്ന ആശങ്കയിലാണ്. എന്നിരുന്നാലും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്നും അകന്നു നില്‍ക്കുന്ന പതിവ് പള്ളിപ്രഭാഷണങ്ങളില്‍ നിന്നുള്ള ഈ മാറ്റത്തിന് ഇടവകക്കാര്‍ക്ക് ഇടയില്‍ നല്ല സ്വീകരണമാണ് കിട്ടുന്നത്.