കേരളത്തിൽ മഴയുടെ ശക്തി രൗദ്രഭാവം പൂണ്ട് 24 അണക്കെട്ടുകളും തുറക്കേണ്ടിവന്നപ്പോഴും മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തെ കാത്തുനിർത്തി. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 135 അടിയാണ്. സാധാരണ ഗതിയിൽ ഏറ്റവുമാദ്യം നിറഞ്ഞുതുളുന്പാറുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലവിതാനം താഴ്ന്നുനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ജലനിരപ്പ് 136 അടിയിലെത്തിയ മുല്ലപ്പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ മൂന്നുദിവസമായി മുകളി ലേക്കു പോയിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396 അടിയിലെത്തിയപ്പോഴും അണക്കെട്ട് തുറക്കാൻ വൈദ്യുതി ബോർഡും ഡാം സുരക്ഷാ അഥോററ്റിയും ആലോചിച്ചതിനുപിന്നിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയർച്ചയായിരുന്നു.
തേക്കടി മേഖലയിലെ മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി താഴുകയും ചെയ്തതോടെയാണ് ഇടുക്കി തുറക്കുന്നതിനു സാവകാശം നൽകാൻ അധികൃതർ തീരുമാനിച്ചത്. മൂന്നുദിവസമായി ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ ഏറെ ശക്തമായി. ഇടുക്കി അണക്കെട്ടിലേക്കു റിക്കാർഡ് അളവിൽ വെള്ളം ഒഴുകിയെത്തിയപ്പോൾ മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുനിൽക്കുകയാണ്. ഇവിടെ വൃഷ്ടി പ്രദേശത്തു മഴയും കുറവാണ്. തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കിൽ ഒട്ടും വർധന ഉണ്ടാക്കിയിട്ടില്ല.
Leave a Reply