തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടത് എന്തിനാണെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി ചില അന്വേഷണങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നതെന്നും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തുഷാറിന്റെ കേസിൽ ഇടപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
“രാജവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ല…സിപിഎം സംസ്ഥാന കമ്മിറ്റി പിണറായിക്ക് സ്തുതി ഗീതം പാടുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാറിനുവേണ്ടിയുള്ള തന്റെ അമിത ആവേശം എന്തിനു വേണ്ടിയായിരുന്നെന്ന് പിണറായി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച പിണറായി ഒരു കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
Leave a Reply