ഗജിനി എന്ന സിനിമയില്‍ വേഷം മാറി കാമുകിക്കൊപ്പം തട്ടുകടയില്‍ നിന്ന് ചായക്കോപ്പയില്‍ ചായ ഊതിക്കുടിക്കുന്ന സൂര്യയെ കണ്ടിട്ടില്ലേ. ഇതാ അതിനെക്കാള്‍ ത്രില്ലടിപ്പിക്കും ധ്രുവ് എന്ന ഈ പതിനെട്ടുകാരനായ കോടീശ്വര പുത്രന്റെ കഥ. തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് എന്ന റെസ്റ്റോറന്റില്‍ ക്ലീനിങ് ബോയിയായി ജോലി നല്‍കുമോ എന്നു ചോദിച്ച് ഒരു പയ്യന്‍ എത്തിയിരുന്നു. എന്നാല്‍ പയ്യനെ ഓരോന്നും പറഞ്ഞ് ഒഴിവാക്കി വിട്ടപ്പോള്‍ മറ്റൊരാളെ കൊണ്ട് ശുപാര്‍ശ ചെയ്യിച്ച് അവന്‍ പാത്രം കഴുകാനും സെര്‍വ് ചെയ്യാനുമൊക്ക കയറിക്കൂടി. തുച്ഛമായ ശമ്പളമൊന്നും പ്രശ്‌നമല്ലാതിരുന്ന അവന്‍ വളരെ ഭംഗിയായി തന്നെ ജോലി ചെയ്തു. ഹിന്ദിക്കാരെ പൊതുവെ ബംഗാളി എന്നു പേരിട്ട് വിളിക്കുന്ന മലയാളികള്‍ ജോലിക്കാരന്റെ ആത്മാര്‍ത്ഥതയെ പ്രശംസിച്ചു. കൂടെ ജോലി ചെയ്തവര്‍ക്കും അവന്‍ പ്രിയങ്കരനായി.
രണ്ടാഴ്ചയ്ക്ക് ശേഷം നാട്ടിലേക്ക് ലീവ് എടുത്ത് പോയതാണ് ഹിന്ദിക്കാരന്‍ പയ്യന്‍ എന്നു വിചാരിച്ചിരുന്ന കടയുടമയുടെ മുന്നിലേക്ക് കഴിഞ്ഞ ദിവസം കേരളത്തിലെ വലിയ സ്വര്‍ണ്ണവ്യാപാരികളുടെ മൂന്ന് ആഡംബര കാറുകളെത്തി. ധ്രുവും സംഘവും സിനിമാ സ്‌റ്റൈലില്‍ റസ്റ്റോറന്റിനുള്ളിലേക്ക് കയറി. കടയുടമയും ജോലിക്കാരും കണ്ണുനട്ടു നിന്നു. ഒടുവില്‍ ട്വിസ്റ്റ്. ഗുജറാത്ത് സൂറത്തിലെ കോടീശ്വരനായ രത്‌നവ്യാപാരിയുടെ മകനാണ് ധ്രുവ്. പേഴ്‌സണല്‍ മാനേജറും ബന്ധുക്കളുമടങ്ങുന്ന സംഘം ലക്ഷങ്ങളുടെ സമ്മാനവുമായാണ് എത്തിയത്. വജ്രവും വിലകൂടിയ വാച്ചുകളും പേനകളും കൂടാതെ പണവും ഇവര്‍ ജീവനക്കാര്‍ക്ക് കൈമാറി. ഗജിനി സിനിമയില്‍ കണ്ട കാഴ്ച കണ്‍മുന്നില്‍ സംഭവിച്ചതിന്റെ അത്ഭുതത്തിലായിരുന്നു തങ്ങളെന്ന് അല്‍ അമീന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
സൂറത്ത് കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രത്‌നവ്യാപാരികളുടെ കുടുംബത്തിന്റെ ഭാഗമാണ് ധ്രുവ്. എം.ബി.എ വിദ്യാര്‍ത്ഥികളായ ധ്രുവിനും കുടുംബത്തിലെ മറ്റ് ചെറുപ്പക്കാര്‍ക്കും പിതാക്കന്മാര്‍ നല്‍കിയ അസൈന്‍മെന്റായിരുന്നു ഈ റെസ്റ്റോറന്റ് ജീവിതം. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഓരോരുത്തരും ജോലി ചെയ്യുകയായിരുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മുമ്പൊരിക്കല്‍ കൊച്ചിയിലെ ഒരു ഹോട്ടലിലും ഇതേരീതിയില്‍ ധ്രുവ് ജോലി ചെയ്തത് വാര്‍ത്തയായിരുന്നു.
Leave a Reply