തന്റെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ക്യാന്‍സര്‍ ചികിത്സ വേണ്ടെന്നു വെച്ച അമ്മ മരിച്ചു. അഞ്ചു വര്‍ഷം ക്യാന്‍സറുമായി മല്ലിട്ടതിനു ശേഷമാണ് 29കാരിയായ ലങ്കാഷയര്‍ സ്വദേശിനി ജെമ്മ നട്ടാല്‍ മരിച്ചത്. അണ്ഡാശയ ക്യാന്‍സര്‍ രോഗിയായിരുന്ന ഇവര്‍ തന്റെ കുഞ്ഞിനു വേണ്ടി ചികിത്സയില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വയസുള്ള ഇവരുടെ കുട്ടി പെനിലോപ്പിനെ ഗര്‍ഭം ധരിച്ചതിനു ശേഷമാണ് തനിക്ക് അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടെന്ന് ജെമ്മ തിരിച്ചറിയുന്നത്. കുഞ്ഞിനെ രക്ഷിക്കുന്നതിനായി കീമോതെറാപ്പി ചെയ്യാനുള്ള നിര്‍ദേശം ഇവര്‍ നിരസിക്കുകയായിരുന്നു. കുട്ടിയുടെ ജനനത്തിനു ശേഷം ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റിയെങ്കിലും രോഗം തിരികെയെത്തി.
ജെമ്മയുടെ ത്യാഗത്തിന്റെ കഥ ടൈറ്റാനിക് സിനിമയിലെ താരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയുടെയും കെയിറ്റ് വിന്‍സ്ലറ്റിന്റെയും ശ്രദ്ധയിലെത്തിയിരുന്നു. ഇവര്‍ ജെമ്മയുടെ ചികിത്സക്കായി മൂന്ന് ലക്ഷം പൗണ്ട് സമാഹരിച്ചു. ജര്‍മനിയില്‍ വിദഗ്ദ്ധ ചികിത്സ ഇതിലൂടെ ജെമ്മക്ക് നല്‍കാനും സാധിച്ചു. മൂന്ന് ജാക്ക് ആന്‍ഡ് റോസ് ഡേറ്റ് നൈറ്റുകള്‍ ലേലം ചെയ്താണ് താരങ്ങള്‍ ഈ തുക സമാഹരിച്ചു നല്‍കിയത്. എന്നാല്‍ എല്ലാ പ്രയത്‌നങ്ങളും വിഫലമാക്കിക്കൊണ്ട് രണ്ടാമതെത്തിയ ക്യാന്‍സര്‍ ജെമ്മയുടെ ജീവനെടുത്തു.
ജെമ്മയുടെ മരണത്തെ ദുരന്തമെന്നാണ് കെയിറ്റ് വിശേഷിപ്പിച്ചത്. ധൈര്യത്തിന്റൈയും ശക്തിയുടെയും പ്രതീകമായിരുന്നു ജെമ്മയെന്നും അമ്മയ്ക്കും മകള്‍ക്കും നേരിട്ട ദുര്യോഗത്തില്‍ തന്റെ ഹൃദയം തകരുന്നുവെന്നും താരം പറഞ്ഞു. ജെമ്മയുടെ പേരില്‍ അവരുടെ അമ്മ തുടങ്ങിയ ഫെയിസ്ബുക്ക് പേജില്‍ അനുശോചന സന്ദേശങ്ങള്‍ ഒഴുകുകയാണ്.
Leave a Reply