ഇറക്കത്തില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങിയയുടന്‍ തനിയെ നീങ്ങിയ കാര്‍ കയറി 25കാരി മരിച്ചു. സമേഹ മെഹമൂദ് എന്ന യുവതിയാണ് പാര്‍ക്ക് ചെയ്തപ്പോള്‍ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടമുണ്ടാകുമ്പോള്‍ കാറിനുള്ളില്‍ ഇവരുടെ കുട്ടിയുണ്ടായിരുന്നു. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകുന്നതിനായി അമ്മയായാ സഹീദ അഖ്തറിനെ വിളിക്കുന്നതിന് ഹൈ വൈക്കോമ്പിലെ വൈറ്റ്‌ലാന്‍ഡ് റോഡില്‍ എത്തിയതായിരുന്നു ഇവര്‍. ബിഎംഡബ്ല്യു കാര്‍ ഇറക്കത്തില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം അമ്മയെ വിളിക്കാന്‍ പുറത്തിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.
താന്‍ പുറത്ത് കാത്തുനില്‍ക്കുന്നു എന്ന് 8.20ന് സമേഹ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് കൊറോണര്‍ കോടതിയിലെ ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. 3 മിനിറ്റിനു ശേഷം അമ്മ പുറത്തെത്തുമ്പോള്‍ സമേഹ അപകടത്തില്‍പ്പെട്ട് കിടക്കുന്നതാണ് കാണുന്നത്. സമേഹ കാറിനടിയില്‍ പെട്ടിരുന്നു. സമേഹയുടെ സഹോദരന്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. അമ്മയുടെ നിലവിളിയും അപകടത്തിന്റെ ശബ്ദവും കേട്ടാണ് മുഹമ്മദ് ഉസ്മാന്‍ മഹ്മൂദ് പുറത്തെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തന്റെ സഹോദരിയുടെ കുഞ്ഞ് ഇരിക്കുന്നത് താന്‍ കണ്ടുവെന്ന് മഹ്മൂദ് പറഞ്ഞു.
കാറിന്റെ ഹാന്‍ഡ്‌ബ്രേക്ക് ഇട്ടിട്ടുണ്ടായിരുന്നില്ലെന്ന് മെഹ്മൂദ് ഇന്‍ക്വസ്റ്റില്‍ പറഞ്ഞു. അപകടമുണ്ടായതിനു പിന്നാലെ അയല്‍ക്കാരെല്ലാം ഓടിയെത്തുകയും കാര്‍ജാക്കുകള്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. സമേഹയെ കാറിനടിയില്‍ നിന്ന് പുറത്തെടുത്തതിനു ശേഷമാണ് എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിയത്. ഡിസംബര്‍ 23ന് രാത്രി 8.50ന് സംഭവസ്ഥലത്തുവെച്ചു തന്നെ സമേഹ മരിച്ചതായി പാരാമെഡിക്കുകള്‍ അറിയിക്കുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. പിന്നീട് നടന്ന പരിശോധനയില്‍ കാറിന് മറ്റു തകരാറുകളൊന്നും കണ്ടെത്തിയില്ല.
Leave a Reply