ന്യൂസ് ഡെസ്ക്, മലയാളം യുകെ

അത് ഒരു കറുത്ത ഞായറാഴ്ച ആയിരുന്നു. ഒരു കുടുംബത്തിൻറെ മുഴുവൻ സന്തോഷവും തല്ലി കെടുത്തിയ ദിവസം. വെയ്ക്ക് ഫീൽഡിനു സമീപം നടന്ന വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചപ്പോൾ 11 വയസ്സുകാരിയായ ആ പെൺകുട്ടിക്ക് നഷ്ടമായത് ഈ ലോകത്ത് സ്വന്തമെന്ന് പറയാവുന്ന ഉറ്റവരാണ്. മൂന്ന് കുട്ടികളിൽ അവളാണ് മൂത്തത്. തൻറെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തിമാർ ഇനി ഈ ലോകത്തില്ലെന്ന് കണ്ണീരിൽ കുതിർന്ന സത്യം അവൾ എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയിലാണ് ഉറ്റവരും ബന്ധുക്കളും.

ഞായറാഴ്ച വെസ്റ്റ് യോർക്ക്ഷെയറിൽ നടന്ന വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷെയ്ൻ റോളർ, ഷാനൻ മോർഗൻ എന്നീ ദമ്പതികളും അവരുടെ മക്കളായ ലില്ലി, റൂബി എന്നിവരുമാണ് അപകടത്തിൽ മരണമടഞ്ഞത് . ഇവരുടെ മൂത്തമകളായ 11 വയസ്സുള്ള പെൺകുട്ടി കാറിൽ ഉണ്ടായിരുന്നില്ല. ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയ റോഡ് അപകടം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ ഉളവാക്കിയത്. ഫോർഡ് ഫോക്കസ് കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാൽ ഇവരുടെ പേര് വെളിപ്പെടുത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് സേനാ വക്താവ് പറഞ്ഞു. മരണമടഞ്ഞ ബൈക്ക് യാത്രികരുടെ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

റോളറും മോർഗനും ബാർൺസ്‌ലിയിലെ ആതർസ്‌ലിയിൽ നിന്നുള്ളവരാണെന്നും  റോളർ ഒരു പ്രാദേശിക ടേക്ക്അവേയുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്ത വരുകയായിരുന്നു. റൂബിയും ലില്ലിയും പഠിച്ചിരുന്ന ആതർസ്‌ലി നോർത്ത് പ്രൈമറി സ്‌കൂളിലെ സഹ പ്രധാന അധ്യാപകരായ ക്ലെയർ സ്‌റ്റോറും കിർസ്റ്റി വേർഡ്‌സ്‌വർത്തും രണ്ട് പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അപകട മരണത്തെ ഹൃദയഭേദകമെന്നാണ് വിശേഷിപ്പിച്ചത്.