ആധുനിക കാലഘട്ടത്തിലെ ദമ്പതികളില്‍ മിക്കവരും ഒന്നോ രണ്ടോ കുട്ടികളെ മാത്രം വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. തിരക്കു പിടിച്ച ലോകത്ത് കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും ഇതിനോട് അനുബന്ധമായി കിടക്കുന്ന വസ്തുതകളാണ്. എന്നാല്‍ 44കാരിയായ ലിയറ്റ് റെബാക്ക് അമ്മമാര്‍ക്കിടയിലെ അദ്ഭുതമാണ്. റെബാക്കിനും ഭര്‍ത്താവ് ഡേവിഡ് റെബാക്കിനും 16 കുട്ടികളുണ്ട്. ഇത്രയധികം കുട്ടികളെ വളര്‍ത്തുന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് റെബാക്ക ചിരിച്ചുകൊണ്ട് പറയും. കുട്ടികളെ പ്രസവിക്കുകയെന്നത് ലോകത്തിലെ തന്നെ മികച്ച പ്രവൃത്തികളിലൊന്നാണെന്ന് റെബാക്ക വിശ്വസിക്കുന്നു.
ഡേവിഡുമായുള്ള റെബാക്കയുടെ വിവാഹം നടക്കുന്നത് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വിവാഹ ശേഷം 12 കുട്ടികള്‍ക്ക് ഈ അമ്മ ജന്മം നല്‍കി. കുട്ടികളെ വളര്‍ത്താനുള്ള അതീവതാല്‍പര്യം മൂലം ഈ ദമ്പതികള്‍ പിന്നീട് 4 പേരെ ദത്തെടുക്കുകയും ചെയ്തു. ചാരിറ്റി പ്രവര്‍ത്തകര്‍ കൂടിയായ റെബാക്ക ദമ്പതികള്‍ തങ്ങളുടെ കുട്ടികള്‍ക്കൊപ്പം അതീവ സന്തോഷത്തിലാണ് കഴിയുന്നത്. കുട്ടികളെ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടുകളെയും പ്രശ്‌നങ്ങളെയും വളരെ ക്രിയാത്മകമായി സമീപിക്കുന്ന ഇവര്‍ക്ക് മക്കളുടെ എണ്ണം ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. തന്റെ 21-ാമത്തെ വയസ്സിലാണ് റെബാക്ക ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. മൂത്തകുട്ടിക്ക് 22 വയസും ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം 2 വയസുമാണ്. ഇവരുടെ വിദ്യാഭ്യാസ കാര്യത്തിലും മറ്റു കാര്യങ്ങളിലും ഇരുവരും അതീവ ശ്രദ്ധ ചെലുത്താറുണ്ട്.
44 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 10 വര്‍ഷക്കാലം റെബാക്കിന് ഗര്‍ഭ കാലഘട്ടമായിരുന്നു. ഇത്രയും കാലഘട്ടം ഗര്‍ഭിണിയായിരുന്ന സ്ത്രീകള്‍ ആധുനിക കാലഘട്ടത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും. കുട്ടികളുടെ പരിചരണത്തെക്കുറിച്ചും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും റെബാക്ക് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മാതാപിതാക്കളും കുട്ടികളുമായും ബന്ധപ്പെട്ട നിരവധി ടിപ്പുകളുമായി യൂട്യൂബ് ചാനലുകളിലും റെബാക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്രയധികം കുട്ടികള്‍ക്ക് ഹോം സ്‌കൂളിംഗ് നടത്താനും സമയം കണ്ടെത്താന്‍ ഈ അമ്മയ്ക്ക് കഴിയുന്നുവെന്നതാണ് ഇവരുടെ പ്രധാന പ്രത്യേകത. ഒരു കുട്ടിയെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്നവരുള്ള ഈ കാലഘട്ടത്തില്‍ റെബാക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അമ്മയാണ്.
Leave a Reply