ഫ്‌ളോറിഡ: കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ നട്ടെല്ലില്‍ നിന്ന് കണ്ടെത്തിയത് ഇന്‍ജെക്ഷന്‍ നല്‍കുന്ന സൂചി. അനസ്‌തേഷ്യ നല്‍കുന്നതിന് ഉപയോഗിക്കുന്ന എപ്പിഡ്യൂറല്‍ സൂചിയാണ് 41കാരിയായ ആമി ബ്രൈറ്റിന്റെ നട്ടെല്ലില്‍ നിന്ന് കണ്ടെത്തിയത്. 2003ലാണ് ഇവര്‍ക്ക് അനസ്‌തേഷ്യ നല്‍കിയത്. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്‍ ഹോസ്പിറ്റലില്‍ സിസേറിയന്‍ ശസ്ത്രക്രിയക്കു വേണ്ടിയായിരുന്നു അത്. രണ്ട് മാസത്തിനു ശേഷം ശക്തമായ നടുവേദന ആരംഭിച്ചു. പിന്നീട് തന്റെ ഇതുവരെയുള്ള ജീവിതത്തെ അത് കാര്യമായി ബാധിച്ചുവെന്ന് ആമി ബ്രൈറ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് നടുവേദനയുടെ കാരണക്കാരനെ തിരിച്ചറിഞ്ഞത്.

മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള സൂചിയായിരുന്നു നട്ടെല്ലിനുള്ളിലുണ്ടായിരുന്നത്. ഇത് അറിഞ്ഞപ്പോള്‍ താന്‍ ഭയന്നുപോയെന്ന് ആമി പറഞ്ഞു. അനസ്‌തേഷ്യ നല്‍കുന്നതിനിടെ സൂചി ഒടിഞ്ഞതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ഇതു മൂലമുണ്ടായ നാഡീ തകരാറുകള്‍ ആമിയുടെ ഇടതുകാലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഓരോ ചലനവും നട്ടെല്ലിനുള്ളില്‍ സൂചി മുറിവുകള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത്രയും കാലത്തിനിടെ ഒട്ടേറെ ഡോക്ടര്‍മാരെ ഇവര്‍ കണ്ടു. അവരെല്ലാവലും പെയിന്‍ കില്ലറുകളും വേദന മാറാനുള്ള മറ്റു മരുന്നുകളും നല്‍കി തിരിച്ചയക്കുകയായിരുന്നു.

സൂചി ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ ശ്രമിച്ചാലും മാറ്റിയില്ലെങ്കിലും ശരീരത്തിന് തളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫിസിക്കല്‍ തെറാപ്പി, വേദനാ സംഹാരികള്‍ എന്നിവ മാത്രമാണ് ഇനി ആശ്രയിക്കാനുള്ളത്. ഫ്‌ളോറിഡയിലെ നേവല്‍ ഹോസ്പിറ്റലിലായിരുന്നു ഇവര്‍ സിസേറിയന് വിധേയയായത്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ സൂചി ഒടിഞ്ഞത് അറിഞ്ഞിട്ടും അത് അവഗണിക്കുകയായിരുന്നു ജീവനക്കാര്‍ ചെയ്തതെന്ന് ആമി പറയുന്നു. ആശുപത്രിക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഇവര്‍.