ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ വെറുതെ വിട്ടു; ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മോചനം…

ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ വെറുതെ വിട്ടു; ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മോചനം…
March 30 04:05 2021 Print This Article

ബന്ധുവിനാൽ ചതിക്കപ്പെട്ട് ലഹരിമരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തർ അപ്പീൽ കോടതി വെറുതെ വിട്ടു. ഖത്തറിലെ സുഹൃത്തിന് നൽകാൻ ബന്ധു ഏൽപ്പിച്ച പൊതിയിൽ ലഹരിമരുന്നാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു 10വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജയിൽമോചനം.

2019 ജൂലായിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ ലഹരിമരുന്ന് കേസില്‍ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ ബന്ധുവായ സ്ത്രീ ഏൽപ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.

വിചാരണയ്ക്കൊടുവിൽ കീഴ്കോടതി ഇരുവർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരേയും മോചിതരാക്കാൻ ഉത്തരവിട്ടത്.

പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടൽ നടത്തി. ലഹരിക്കടത്തിൽ ദമ്പതികൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരേയും വെറുതേവിട്ടത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles