കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ക്രൂര സംഭവം നടന്നത്. ഉറങ്ങി കിടന്ന കുഞ്ഞിനെയാണ് അച്ഛന്റെ അമ്മ താഴേക്ക് എറിഞ്ഞത്.

സംഭവത്തിൽ പ്രതിയായ രുക്സാന ഒബെദുല്ല അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അപ്പ പാഡ പ്രദേശത്തെ താമസക്കാരാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പരിസരത്താണ് കുട്ടി വീണ് കിടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ അപ്പാർട്ട്മെന്റിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. മാതാപിതാക്കളെ പരിസരവാസികൾ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് താഴേക്ക് ഓടിയെത്തിയ അവർ കണ്ടത് കുഞ്ഞിന്റെ ജിവനറ്റ ശരീരമാണ്. തലയിടിച്ച് വീണ കുഞ്ഞ് ചോരയിൽ കുതിർന്ന നിലയിലാണ് കിടന്നത്.

വീട്ടുകാർ ഉറക്കത്തിലായിരിക്കുമ്പോൾ കുഞ്ഞ് അബദ്ധത്തിൽ താഴേക്ക് വീണതാകാം എന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ കൃത്യം നടന്ന സ്ഥലത്ത് നിന്നും ചില് സംശയാസ്പദമായ സൂചനകൾ ലഭിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്താൻ വഴിവച്ചത്. കുട്ടി താഴേക്ക് വീഴാൻ കാരണമായ വാതിൽ അടച്ച നിലയിലാണ് കണ്ടത്. ഇതോടെ കുടുംബത്തിലെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് മുത്തശ്ശിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയത്. സംശയം ജനിപ്പിച്ചുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആദ്യം ആവർ തയ്യാറായില്ല. എന്നാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
മരുമകളുമായി വഴക്കുണ്ടായെന്നും ആ ദേഷ്യത്തിനാണ് കൊച്ചുമകളെ താഴേക്ക് എറിഞ്ഞതെന്നുമാണ് അവർ പറഞ്ഞത്.

എല്ലാവരും ഉറങ്ങി കിടന്നപ്പോഴാണ് കുഞ്ഞിനെ ഇവർ താഴേക്ക് എറിഞ്ഞത്. ശേഷം ഇവർ ഉറങ്ങാൻ പോയെന്നും പൊലീസ് പറയുന്നു. മകന്റെ ഭാര്യയുമായി ഇവർ സ്ഥിരം കലഹിക്കുമായിരുന്നുവെന്ന് പരിസര വാസികളും പൊലീസിനോട് വ്യക്തമാക്കി. രുക്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.