ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ മുംബൈ പൊലീസിന്റെ ശ്രമം. അമ്മ കാറിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി.

മുംബൈയിലെ പശ്ചിമ മലാഡിലാണ് മനുഷ്യസ്നേഹികളെ നടുക്കിയ സംഭവമുണ്ടായത്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കുമ്പോൾ, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തിൽ വാഹനം നീക്കാൻ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

വിഡിയോ പകർത്തുന്ന വഴിയാത്രക്കാരൻ ഉൾപ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ട്. എന്നാൽ, ഇവർക്കും ചെവികൊടുക്കാൻ പൊലീസ് തയാറാകുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിക്കുന്നു. ഒടുവിൽ കൂടുതൽ വഴിയാത്രക്കാർ സംഭവത്തിൽ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഡിയോ ശ്രദ്ധയിൽപ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണർ അമിതേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി കമ്മിഷണറാകും ഇതേക്കുറിച്ച് അന്വേഷിക്കുക. റിപ്പോർട്ട് കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാർ വ്യക്തമാക്കി. യൂണിഫോമിൽ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരൻ നടപടിക്ക് നേതൃത്വം നൽകിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തതായി  റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.