ജലദോഷവും മൂക്കടപ്പും വന്നാലുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാനാകാത്തതാണല്ലോ. കുട്ടികള്‍ക്ക് വന്നാല്‍ അവരുടെ വിഷമം കണ്ടു നില്‍ക്കാനും പ്രയാസമാകും. വിന്ററായതോടെ ജലദോഷത്തിന്റെ സീസണും തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ മൂക്കടപ്പ് മാറ്റാന്‍ ഒരു അമ്മ കണ്ടെത്തിയ എളുപ്പവഴിയുടെ വീഡിയോ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു സിറിഞ്ചില്‍ ഉപ്പുവെള്ളമെടുത്ത് കുഞ്ഞിന്റെ മൂക്കിലേക്ക് ശക്തിയായി സ്‌പ്രേ ചെയ്യുന്നതായിരുന്നു ഈ വീഡിയോ. കുഞ്ഞിന്റെ മൂക്കില്‍ നിറഞ്ഞ കഫം പുറത്തു വരുന്നതും കാണാമായിരുന്നു. വളരെ ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ഒട്ടേറെ മാതാപിതാക്കള്‍ ഇതിനെ വിലയിരുത്തുകയും ചെയ്തു.

ഈ രീതി അനുവര്‍ത്തിച്ചാല്‍ എന്തെങ്കിലും അപകടമുണ്ടാകുമോ എന്ന ചോദ്യവും ഇതിനൊപ്പം സ്വാഭാവികമായി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ത്തന്നെയാണ് ചോദ്യങ്ങളും ഉയര്‍ന്നത്. എല്ലാ കുട്ടികളും ഇതിനോട് സഹകരിക്കണമെന്നില്ലെന്നായിരുന്നു ഒരു നിരീക്ഷണം. തീരെ ചെറിയ കുട്ടികളില്‍ ചിലപ്പോള്‍ ഇത് വിജയകരമായി ചെയ്യാനാകുമെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തി. എന്നാല്‍ വീഡിയോ കണ്ട പലരും ഇതൊരു സുരക്ഷിതമായ രീതിയല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇങ്ങനെ ചെയ്താന്‍ ശ്വാസം മുട്ടാന്‍ സാധ്യതയുണ്ടെന്നും വെള്ളം ശ്വാസകോശത്തില്‍ കയറി ന്യുമോണിയ ഉണ്ടാകാനിടയുണ്ടെന്നും ഒരു നഴ്‌സ് എഴുതുന്നു.

ഇക്കാര്യത്തില്‍ എന്‍എച്ച്എസ് നിര്‍ദേശങ്ങള്‍ ഇവയാണ്. കുട്ടികള്‍ക്ക് മൂക്കടപ്പുണ്ടായാല്‍ കിടക്കുന്ന കട്ടിലിന്റെ കാല്‍ഭാഗം ഉയര്‍ത്തി വെക്കുകയോ കുട്ടിയുടെ കാലിന്റെ ഭാഗത്ത് മെത്ത ഉയര്‍ത്തിവെക്കുകയോ ചെയ്യണം. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം മൂക്കടപ്പ് മാറ്റും. അതിനാല്‍ ഒരു വേപ്പറൈസര്‍ ഉപയോഗിക്കുകയോ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഹോട്ട് ബാത്ത് ഷവര്‍ തുറന്ന് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കുകയോ ചെയ്യാം. ഇതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫാര്‍മസിസ്റ്റിനെയോ ജിപിയെയോ വിളിക്കാനാണ് എന്‍എച്ച്എസ് പറയുന്നത്.