അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദം. പങ്കെടുക്കുന്നത് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജും കോളജ് വിദ്യാര്‍ഥികളും. പതിവുചോദ്യങ്ങള്‍ക്കിടെ അപ്രതീക്ഷിതമായ ഒരു ചോദ്യം രേണുവിനോട്. ദീര്‍ഘദൃഷ്ടിയുള്ള ചോദ്യം. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യും? ചോദ്യം കേട്ടു പതറിയില്ല ഐഎഎസുകാരി. രണ്ടാമതൊന്ന് ആലോചിക്കുകയും ചെയ്തില്ല ഡോക്ടര്‍ കൂടിയായ ആ ചെറുപ്പക്കാരി. സൗമ്യമെങ്കിലും ദൃഡമായ സ്വരത്തില്‍ രേണു പറഞ്ഞു:
‘പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതല്‍ ലാഭകരം. സിസ്റ്റത്തിനൊപ്പം നില്‍ക്കുകയും വ്യക്തിപരമായ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല.
അഞ്ചുവര്‍ഷത്തിനുശേഷവും പ്രസക്തമാണ് രേണുവിന്റെ വാക്കുകള്‍; പ്രത്യേകിച്ചും ദേവികുളത്തെ വിവാദസംഭവങ്ങളുടെ പശ്ഛാത്തലത്തില്‍. ഒരു ചെറുപ്പക്കാരിയുടെ ആവേശപ്രകടനം മാത്രമായിരുന്നില്ല ആ വാക്കുകള്‍ എന്ന് ഇന്നു വ്യക്തമാകുന്നു. തെറ്റിനെ എതിര്‍ക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെ ശരിയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആദര്‍ശധീരത. പഠിച്ചിറങ്ങിയകാലത്തെ അതേ തീപ്പൊരിയാണ് താനിന്നും എന്നവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
അപമാനവും ഭീഷണിയും ആക്ഷേപവും ഉണ്ടായാലും സത്യം വിജയിക്കുമെന്നും ആദര്‍ശം തിരിച്ചറിയപ്പെടുമെന്നും. അധികാരസ്ഥാനത്ത് അവരോധിക്കപ്പെട്ടാല്‍ വെറും പാവകളും ഏറാന്‍മൂളികളും മാത്രമാണ് ഉദ്യോഗസ്ഥര്‍ എന്ന പഴമൊഴിയെക്കൂടി തെറ്റിക്കുകയാണ് ഡോ.രേണുരാജ് എന്ന യുവ വനിതാ ഐഎഎസുകാരി. അവര്‍ മാത്രമല്ല, പാര്‍ട്ടി ഓഫിസിലെ റെയ്ഡിലൂടെ ഭരണപക്ഷ പാര്‍ട്ടിയുടെ അപ്രീതിക്കുമുന്നിലും കൂസാതെ നിന്ന ഐപിഎസുകാരി ചൈത്ര തെരേസ മാത്യുവും ആദര്‍ശം തങ്ങള്‍ക്ക് ഷോകേസിലെ ട്രോഫി മാത്രമല്ലെന്ന് അടുത്തിടെ തെളിയിച്ചിരുന്നു. ഇപ്പോഴിതാ രേണുവും. ഈ യുവപോരാളികള്‍, വനിതകള്‍ തെളിയിക്കുകയാണ് ആദര്‍ശധീരത സമൂഹത്തില്‍നിന്ന് പൂര്‍ണമായും കുറ്റിയറ്റുപോയിട്ടില്ലെന്ന്. പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ടെന്ന്. പുതിയ തലമുറയിലെ ഭരണ വര്‍ഗ ഉദ്യോഗസ്ഥരിലും നട്ടെല്ലുള്ളവരുണ്ടെന്ന്.
സബ് കലക്ടര്‍മാരെ നിലം തൊടാന്‍ അനുവദിക്കാറില്ലാത്തതില്‍ കുപ്രശസ്തി നേടിയ സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടര്‍മാര്‍. ഏറ്റവുമൊടുവില്‍ വി.ആര്‍. പ്രേംകുമാറിനെ മാറ്റിയപ്പോഴാണ് ഡോ. രേണു രാജ് പുതിയ സബ് കലക്ടറായി കഴിഞ്ഞവര്‍ഷം നവംബറില്‍ എത്തിയത്. ഭൂമി കയ്യേറ്റങ്ങളും അവയ്‌ക്കെതിരായ നിലപാടുകളുമാണ് ഉദ്യോഗസ്ഥരുടെ കസേരയിളക്കുന്നത്. ദേവികുളത്തെയും മൂന്നാറിലെയും മറ്റും കയ്യേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്താല്‍, ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുത്താല്‍ രാഷ്ട്രീയക്കാര്‍ അവര്‍ക്കു സമ്മാനിക്കും സ്ഥാനചലനം എന്ന പ്രതിഫലം. അഞ്ചു ദിവസം മാത്രം സബ് കലക്ടറായി ഇരുന്നവര്‍ പോലുമുണ്ടായിട്ടുണ്ട് ഇടുക്കിയില്‍ എന്നോര്‍ക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ