മലയാളിയുടെ ലൈംഗിക ആശങ്കൾ കൊറോണക്കാലത്തും തലപൊക്കി. കൊറോണക്കാലത്ത് ലൈംഗികത വേണമോ വേണ്ടയോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. പങ്കാളിയില്‍ നിന്ന് തനിക്ക് കൊറോണ പകരുമോ? മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പിടുമുറുക്കുമോ തുടങ്ങി ഒരു കൂട്ടം സംശയങ്ങളാണ്. ആശങ്കള്‍ ട്രോളുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിനു പിന്നില്‍ അല്‍പം കാര്യമുണ്ടെന്ന് പറയുകയാണ് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുരളി തുമ്മാരുകുടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വൈകിട്ടെന്താ പരിപാടി, അഥവാ കൊറോണക്കാലത്തെ ലൈംഗികത…
കൊറോണക്കാലം തുടങ്ങിയ ഉടനെതന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു.
ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം.
സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു,
“ബോസ്, വരുന്ന ലക്കത്തിലെ കവർ സ്റ്റോറി എന്താണ് ?
“സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !”
സത്യം പറഞ്ഞാൽ ഈ ട്രോളിൽ അല്പം സത്യമുണ്ട്. വനിതയിൽ ഞങ്ങൾ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാൽ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തിൽ ഒരു ലേഖനം എഴുതുന്നത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു.
സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാൻ മടിയുള്ളവരാണ് മലയാളികൾ. ഇതിപ്പോൾ കൊറോണപ്പേടിയിൽ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാൽ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങൾ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാൽ എഴുതിയില്ല.
ഇപ്പോൾ കേരളത്തിലെങ്കിലും കൊറോണപ്പേടി തൽക്കാലം ഒന്ന് കുറഞ്ഞതിനാൽ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.
ആറടി ദൂരത്തിൽ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവർക്കും, വൈറസ് ബാധിതർ സ്പർശിച്ച പ്രതലം സ്പർശിച്ചവർക്കും, വൈറസ് പകരാൻ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേർന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്സ് സാധ്യത കുറക്കുന്നത് പോലെ മാസ്ക് ഉപയോഗിച്ച് പൂർണ്ണമായും വൈറസിനെ തടഞ്ഞു നിർത്താനാവില്ല.
അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തിൽ സ്പർശിച്ചുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.
ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ ! – തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് അതിന്റെ ഭാവി, ലോക്ക് ഡൌണിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുമോ എന്ന ടെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മർദ്ദങ്ങളുടെയും കാലമാണ്. രോഗം വരുമോ എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. സാധാരണ നിലയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും വീട്ടിൽ നിന്നും മാറിനിൽക്കാനുള്ള അവസരമോ, മറ്റുള്ളവർ വീട്ടിൽ നിന്നും മാറി നിൽക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണിൽ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെൻഷനും കൂടി ചേരുന്പോൾ ലൈംഗികത ആയിരിക്കില്ല പലരുടേയും മുൻഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതൽ വിഷമിപ്പിക്കരുത്.
ചുമ്മാ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്‌ട്രെസ് ബസ്റ്റർ ആണ് സെക്സ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇവിടെ അനവധി സാദ്ധ്യതകൾ ഉണ്ട്. സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കൻഡ് കഴുകാൻ മറക്കേണ്ട. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കിയാലേ പറ്റൂ.
‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുക എല്ലാം നമ്മൾ പഠിക്കേണം’ – ക്വാറന്റൈണോ ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാൻ പറ്റാതിരിക്കുന്നവർക്കും, ലോക്ക് ഡൌൺ മൂലം പങ്കാളികൾ അടുത്തില്ലാത്തവർക്കും ഫോൺ സെക്സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമാണ്. നിങ്ങൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവർക്ക് പരിചയസന്പന്നരിൽ നിന്നും നിർദ്ദേശങ്ങൾ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങൾക്ക് ഇതൊക്കെ എഴുതാൻ നാണമാണ്, അതുകൊണ്ട് ഇന്റർനെറ്റിൽ പോയി പരതിയാൽ മതി.
വീഡിയോ ചാറ്റ് വേണ്ട: ഫോൺ സെക്സിൽ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാൻ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയിൽ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്സ്. ലോകം മുഴുവൻ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്ന വീഡിയോകൾ പകർത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്കി പരിപാടിയാണ്. ഡോണ്ട് ഡു… ഡോണ്ട് ഡു.
സെക്സ് ടോയ്‌സ് – യൂറോപ്പിൽ ഈ ലോക്ക് ഡൌൺ കാലത്ത് സെക്സ് ടോയ്സിന്റെ വിൽപ്പനയിൽ നാല്പത് ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൌണിൽ കൂടുതൽ സമയമുണ്ട്, കുറച്ച് മാനസിക സംഘർഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിൽ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്നമായതിനാൽ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ ‘സാധനം കൈയിലുണ്ടെങ്കിൽ’ എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കൻഡ് റൂൾ മറക്കേണ്ട) വേണം ഉപയോഗിക്കാൻ, കൊറോണക്കാലത്ത് പ്രത്യേകിച്ചും.
പരീക്ഷണത്തിന്റെ കാലം: ‘ഹം തും ഏക് കമരെ മി ബന്ദ് ഹോ’ എന്ന സാഹചര്യമാണ് ഇപ്പോൾ മിക്ക പങ്കാളികൾക്കും. ടെൻഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാൻ പറ്റിയ കാലമാണ്. തന്ത്ര സെക്സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. “ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!” എന്ന് നമുക്ക് പിൽക്കാലത്ത് പറയാൻ പറ്റണം.
‘സ്വപ്നങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’: ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ചുറ്റിക്കളികൾ (വിവാഹേതര ബന്ധങ്ങൾ) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ലോക്ക് ഡൌൺ കാലത്ത് ഓഫ് ലൈൻ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തിൽ സർക്കാർ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തൽക്കാലം ഈ സ്വപ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വർഗ്ഗത്തിൽ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേസമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാൽ ഓൺലൈനിൽ മതിലുചാടിയുള്ള ഫ്ലർട്ടിംഗും ലൈംഗികച്ചുവയുള്ള ചാറ്റും കൂടുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചർ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. കാരണം, എന്തെങ്കിലും കണ്ണിൽ പെട്ടാൽ പ്രശ്നം വഷളാകും, കലഹമാകും, ചിലപ്പോൾ അടിപിടിയാകും. ഗാർഹിക അക്രമങ്ങളിൽ അൻപത് ശതമാനം വർദ്ധനയാണ് മറ്റു രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഡൌൺ കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോൺ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ).
ഓൺ ലൈൻ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാൽ ഏതെങ്കിലും തരത്തിൽ ലൈംഗികമായ കടന്നുകയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേൾക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാൽ ശരീരത്തിൽ സ്പർശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്പോൾ നഗ്നത പ്രദർശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൌൺ ആയത് കൊണ്ട് ഇത്തരക്കാർക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വർക്ക് ഫ്രം ഹോം മോഡിലാണ്. ഫേസ്ബുക്കിൽ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങൾ അയക്കുക, മെസ്സഞ്ചർ വീഡിയോ കോളിൽ സ്വന്തം ലൈംഗികത പ്രദർശിപ്പിക്കുക തുടങ്ങിയ പരിപാടികൾക്ക് അവർക്ക് കൂടുതൽ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകൾ – ഡോക്ടർമാർ മുതൽ സന്നദ്ധ സേവകർ വരെ – പങ്കുവെക്കുന്ന ടെലഫോൺ നന്പറുകൾ എടുത്ത് ‘ഷോമാൻഷിപ്പ്’ ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.
കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആൺ – പെൺ) നേർക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തിൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ, അറിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബർ ഇടങ്ങളിലും അവർക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പിൽക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികൾ മിക്ക സമയവും ഓണലൈൻ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാൻ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണ് വേണം.
അപ്പോൾ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൌൺ ആയത് കൊണ്ട്, വൈകിട്ടാവാൻ നോക്കി നിൽക്കേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു.
മുരളി തുമ്മാരുകുടി,
Leave a Reply