ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ ഒരാളെ കാറിടിച്ച് കൊന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ആളെ പോലീസ് ഹീത്രു എയർപോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത് .
ഈസ്റ്റ് ഹാമിൽ ഒരു കാർ കാൽനട യാത്രക്കാരനെ ഇടിച്ചതായുള്ള വിവരത്തെ തുടർന്ന് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിരുന്നു. കാർ ഇടിച്ചതിന്റെ ഫലമായി പരുക്കേറ്റ 35 വയസ്സുള്ള ഒരാളെ പരിക്കേറ്റ നിലയിൽ പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. അടിയന്തിര പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാനായില്ല.
ഈ അപകടത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഹീത്രു എയർപോർട്ടിൽ വച്ച് 35 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സഹായിച്ചതിന് 30 വയസ്സുള്ള ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ഇരുവരും കസ്റ്റഡിയിൽ തുടരുകയാണെന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദൃശ്യത്തിന് ദൃക്സാക്ഷിയായിട്ടുള്ളവർ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. മരിച്ചയാളെ കുറിച്ചും കസ്റ്റഡിയിലുള്ളവരെ കുറിച്ചും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇവിടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയമിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥനായ ജോവാനാ യോർക്ക് പറഞ്ഞു
Leave a Reply