ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്ട്രോക്ക് ബാധിച്ച് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മരണത്തിൽ വൻ വഴിത്തിരിവ്. 75 കാരിയായ വലേരി ക്നാലെ 2018 നവംബർ 16 -നാണ് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. സ്ട്രോക്ക് നേരിട്ട വലേരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. കസേരയിൽ നിന്ന് വീണ് ഇവരുടെ കാലും ഒടിഞ്ഞിരുന്നു. 75 കാരി കൊല്ലപ്പെട്ടത് ആന്തരികമായ മുറിവേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൊലപാതകം, ബലാത്‌സംഗം ,ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഒരു പുരുഷ ഹോസ്പിറ്റൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യഭാഗത്ത് ഏറ്റ മുറിവുകളാണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. വലേരി ക്നാലെയുടെ മരണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാനമായ രീതിയിൽ മറ്റ് രണ്ട് രോഗികൾക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും ലൈംഗിക അതിക്രമം നടന്നതായി കണ്ടെത്തിയിരുന്നു .

ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നേരെ നടന്ന ലൈംഗികാതിക്രമണത്തിൻെറ വാർത്താ ബ്രിട്ടനിലെ സ്ത്രീസുരക്ഷാ വീണ്ടും ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജൂലിയ ജെയിംസിൻെറ കൊലപാതകത്തിൽ 21 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനെ പിടിച്ചുകുലുക്കിയ സാറാ എവറാർഡിൻെറ കൊലപാതകത്തിൽ അറസ്റ്റിലായത് ഒരു പോലീസ് ഓഫീസർ ആയിരുന്നത് ബ്രിട്ടനിലെ തെരുവീഥികളിൽ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾക്ക് വൻ പ്രാധാന്യം നേടി കൊടുത്തിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ പ്രകാരം 2019 ഏപ്രിലിനും 2020മാർച്ചിനുമിടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 188 സ്ത്രീകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കുറവാണെങ്കിലും തുടർച്ചയായ കോവിഡ് 19 ലോക്ഡൗൺ ആണ് കണക്കുകളിലെ കുറവിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുസ്ഥലങ്ങളിലെ കൊലപാതകങ്ങളിൽ ഏറിയപങ്കും ഇരയാകുന്നത് സ്ത്രീകളാണ് .