ചെര്‍പ്പുളശേരി: ദളിതനായ ക്ഷേത്രപൂജാരിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമം. പാലക്കാട് ചെര്‍പ്പുളശേരി കുന്നക്കാവ് പടുവാന്‍തൊടി വീട്ടില്‍ ബിജുവിനെ(32)യാണു ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗലാംകുന്നിലെ വാടകവീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ബിജുവിന്റെ െകെയിലും കാലിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറിയ അക്രമി മുഖംമൂടി ധരിച്ചിരുന്നു.

ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ബിജു പറഞ്ഞു. ഭാര്യ അമൃതയും രണ്ടു കുട്ടികളും നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെ വിളിച്ച് ശ്രീകൃഷ്ണപുരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ച് ബിജുവിനെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ കൊപ്പം വിളയൂരില്‍ വെച്ചും ബിജുവിനുനേരേ വധശ്രമം ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ പൂജയ്ക്ക് പോകുന്നതിനിടെ അജ്ഞാതനായ ആള്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റ ബിജു ചികിത്സക്കു ശേഷം പൂജാ കര്‍മങ്ങളൊന്നും ചെയ്തിരുന്നില്ല.താന്ത്രിക വിദ്യകള്‍ അഭ്യസിച്ചിട്ടുള്ള ബിജു കുട്ടികള്‍ക്ക് വേദപഠനം നല്‍കിയിരുന്നു. ദളിതരെ ഉള്‍പ്പെടുത്തി ചണ്ഡിക ഹോമം നടത്തുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടതിനെത്തുടര്‍ന്ന് തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ബിജു പറഞ്ഞു.

ബിജുവിന്റെ പരാതിയില്‍ ശീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വേദപഠനം പൂര്‍ത്തിയാക്കിയ ബിജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിജു ഉപനയനത്തിനുശേഷം ബിജു നാരായണ ശര്‍മ്മ എന്ന പേരും സ്വീകരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റൊരു സംഭവത്തില്‍ അബ്രാഹ്മണനാണെന്ന പേരില്‍ നിയമനം നിഷേധിക്കപ്പെട്ട ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിക്കു നേര്‍ക്കു വധഭീഷണിയുണ്ടായി. കായംകുളം ചേരാവള്ളി പാലാഴിയില്‍ സുധികുമാ(36)റിനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ സുധികുമാറിനെ കീഴ്ശാന്തിയാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതിനു പിന്നാലെയാണ് ഭീഷണി.

ഭാര്യ സുബിമോള്‍, മക്കളായ നിരഞ്ജന, നിരഞ്ജന്‍, പിതാവ് സുകുമാരന്‍(68) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പത്തിയൂര്‍ സ്വദേശി നാരായണശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ചുമതലയേറ്റാല്‍ വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നു സുധികുമാറിന്റെ ഭാര്യ സുബിമോളുടെ പരാതിയില്‍ പറയുന്നു. പോലീസിലും കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ ഇന്നലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ മുമ്പാകെ സുധികുമാര്‍ കീഴ്ശാന്തിയായി ചുമതലയേറ്റെടുത്തു. അബ്രാഹ്മണനാണെന്ന പേരില്‍ സുധികുമാറിനെ കീഴ്ശാന്തിയാക്കുന്നതിനെ എതിര്‍ത്തു ക്ഷേത്ര ഭരണസമിതിയും ക്ഷേത്ര തന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നത് വന്‍വിവാദമായിരുന്നു. ചെട്ടികുളങ്ങരയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം സുധികുമാറിന് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചിരുന്നു.