കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്തിയത് വലിയ ചക്ക എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലെന്ന് പ്രതി. പാലാ പൂവരണി കിഴവറപ്പള്ളില്‍ സഖറിയ ചാക്കോ(കുട്ടി-56) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തല്‍. പ്രതിയായ പൂവരണി പുറത്തേല്‍ ജോസ് അറസ്റ്റിലായിരുന്നു. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോളാണ് പ്രതി ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം സമീപത്തെ പുരയിടത്തില്‍ നിന്ന പ്ലാവില്‍ കയറി ജോസ് ചക്കയിട്ടു. ജോസ് മരത്തില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് താഴെ നില്‍ക്കുകയായിരുന്ന സഖറിയ കൂട്ടത്തില്‍ വലിപ്പം കൂടിയ ചക്കയെടുത്ത് ഒളിപ്പിച്ചു. മരത്തിലിരുന്ന ജോസ് ഇതുകണ്ട് ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഒളിപ്പിച്ച ചക്ക സഖറിയ തിരികെ എത്തിച്ചു. ഇതിനു ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കം തുടരുകയും ജോസ് കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. സഖറിയയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ജോസിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
Leave a Reply