കെവിന്‍ വധത്തില്‍ പൊലീസിന്‍റെ നേരിട്ടുള്ള ഒത്താശ പുറത്തുവന്നതോടെ കേസന്വേഷണം സങ്കീര്‍ണമായ വഴികളില്‍. മരണത്തിനു തൊട്ടുമുൻപുളള നിമിഷങ്ങളിൽ കെവിൻ അനുഭവിച്ചത് കൊടിയ യാതനയെന്ന് പിടിയിലായ പ്രതികളുടെ മൊഴി. സാനു ചാക്കോയുടെയും കൂട്ടുപ്രതികളുടെയും മർദനമേറ്റ് അവശനിലയിലായിരുന്നു കെവിൻ. വെളളം ചോദിച്ചപ്പോൾ വായിൽ മദ്യം ഒഴിച്ചു കൊടുത്തുവെന്നാണ് വെളിപ്പെടുത്തൽ. അറസ്റ്റിലായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരുടേതാണ് മൊഴി.
നീനുവിനെ തിരിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞാണ് സാനു തങ്ങളെയും ഒപ്പം കൂട്ടിയതെന്ന് ഇവർ മൊഴി നൽകി. നിനുവിനെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വന്നപ്പോഴാണ് കെവിൻ എവിടെയുണ്ടെന്ന് അന്വേഷണം തുടങ്ങിയതെന്നും അനീഷിന്റെ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതോടെ രാത്രി തന്നെ അവിടെ എത്തിച്ചേരുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. അനീഷിന്റെ വീട്ടിൽ എത്തിയതോടെ നീനു എവിടെയെന്ന് ചോദിച്ച് വാക്കേറ്റമായി. കെവിനെ ഉപദ്രവിച്ചതും വാഹനത്തിൽ കയറ്റിയതും സാനുവാണെന്നും ഇവർ മൊഴി നൽകി. എന്നാല്‍ ഇവരുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസിച്ചിട്ടില്ല. ചാക്കോയോയും സാനുവിനെയും ചോദ്യം ചെയ്തതിനു ശേഷമകും മൊഴി സ്ഥിരീരികരിക്കുക.
തനിക്ക് ഒന്നും അറിയില്ലെന്ന് തീർത്തുപറഞ്ഞതോടെയാണ് അനീഷിനെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. വാഹനത്തിന്റെ നടുവിലെ സീറ്റിനു താഴെയാണ് കെവിനെ ഇരുത്തിയത്. പുനലൂരിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്താൽ നീനു എവിടെയുണ്ടെന്ന് കെവിൻ പറയുമെന്ന നിലപാടായിരുന്നു സാനുവിന് ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. ഇവനെ ഞാൻ കൊല്ലില്ല, എല്ലാം കാണാൻ ഇവൻ ജീവിച്ചിരിക്കണമെന്ന് സാനു പറഞ്ഞതായി ഇവർ മൊഴി നൽകി.
അതേസമയം കെവിന്റെ മൃതദേഹത്തിൽ 15 ചതവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. എന്നാൽ, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. നാലുമണിക്കൂറോളം വാഹനം ഓടിയാലേ ഇവിടെയെത്തൂവെന്നും കണക്കാക്കുന്നു.
തെന്മല വച്ച് കെവിന്‍ അപായപ്പെട്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് സാനുവും സംഘവും കെവിന്‍റെ സുഹൃത്ത് അനീഷിനെ വിട്ടയച്ചതെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സാനുവിന്‍റെ ഭീഷണിക്ക് വഴങ്ങി പരാതിയില്ലെന്ന് എഎസ്ഐ ബിജുവിനെ അനീഷ് വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രമുഖ മാധ്യമം പുറത്തു വിട്ടിരുന്നു . എല്ലാം ചോരുമ്പോള്‍ കേസന്വേഷണം പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പ്.
Leave a Reply