കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ ഇവരെ തിരുവന്തപുരം പൂന്തുറയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിപ്‌സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ തിരുവന്തപുരം ബീമാപ്പള്ളി പരിസരത്ത് നിന്നാണ് പൂന്തുറ പൊലീസ് സിപ്‌സിയെ പിടികൂടിയത്. കുഞ്ഞിന്റെ അച്ഛനായ സജീവനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് വില്‍പനയടക്കം മറ്റു പല ഇടപാടുകള്‍ക്കും സിപ്‌സി കുഞ്ഞിനെ മറയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ സുഹൃത്തായ ജോണ്‍ ബിനോയ് ഡിക്രൂസ് ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകള്‍ നോറ മരിയയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് സിപ്‌സിയും സുഹൃത്തും ഹോട്ടലില്‍ മുറിയെടുത്തത്.

കുഞ്ഞ് ബിനോയിയുടെയും തന്റെയുടെയും ആണെന്ന് അമ്മൂമ്മ തന്നെ ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് മൊഴി നല്‍കിയത്. നോറയുടെ കൊലപാതകത്തില്‍ ബിനോയിക്ക് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്നാണ് വിവരം. ബിനോയിയെ നിലവില്‍ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.