ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിന്റെ അടുത്തദിവസം തന്നെ നടി അഭിനയിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ലെന്നും തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.