കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ മുഖ്യപ്രതിയടക്കം കൊലയുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകിയും ഇന്നു പുലര്‍ച്ചയുമായി നടന്ന തിരച്ചിലിലാണ് മുഖ്യപ്രതിയായ റിനീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് വലയിലായത്.
ഇന്നലെ കൊലപാതകം നടത്തിയതിന് പിന്നില്‍ ഏഴംഗ സംഘമാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ റിനീഷടക്കം നാല് പേരാണ് കൊല നടത്തിയതെന്നാണ് ഇപ്പോള്‍ പൊലീസിന്റെ നിഗമനം. മുഖ്യപ്രതിയായ റിനീഷ് മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ അടുത്ത സുഹൃത്താണ്. ധനരാജിന്റെ കൊലയ്ക്കുള്ള പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ധനരാജ് വധത്തിലെ 12ാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.
പിടിയിലായവരെല്ലാം പയ്യന്നൂര്‍ സ്വദേശികളാണ്. കൊലപാതകം സംഭന്ധിച്ച് ഒരു മാസം മുന്‍പ് തന്നെ ഇവര്‍ ഗൂഢാലോചനകള്‍ നടത്തിയിരുന്നു. ഇതിനു മുന്‍പ് ഒരു തവണ ബിജുവിനു നേരെ സംഘം വധശ്രമം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. കൊലപാതക സമയത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വാഹനം ഒരു മാസം മുന്‍പ് സംഘം വാടകയ്ക്ക് എടുത്തതാണെന്ന് ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നുും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഇവര്‍ പ്രദേശം വിട്ട് പോകാന്‍ വഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
Leave a Reply