നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജിനെ ചോദ്യംചെയ്ത അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് പ്രതി മൊഴി നൽകി. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമാകും വിശദമായ ചോദ്യംചെയ്യൽ.
പത്ത് വർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ സാത്താൻ സേവ നടത്തുകയായിരുനെന്നാണ് കേഡൽ ജീൻസൺ പൊലീസിന് മൊഴി നൽകിയത്. ഒാസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പറഞ്ഞു. എന്നാൽ ഇൗ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
കേഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യൽ. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Leave a Reply