ജെഗി ജോസഫ്

സംഗീതത്തിന്റെ ആനന്ദനടനത്തില്‍ ആറാടിച്ച് വില്‍സ്വരാജും സംഘവും സംഘടിപ്പിച്ച സംഗീതസന്ധ്യ യുകെയിലെ സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകനായ വില്‍സ്വരാജ് യുകെയുടെ മണ്ണിലെത്തിയത്. മലയാളികളുടെ അഭിമാനമായ ഗാനഗന്ധര്‍വ്വന്റെ സംഗീത രീതികളോട് താദാത്മ്യം പ്രാപിക്കുന്ന സ്വരമാധുരിയുമായി വില്‍സ്വരാജ് ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ സദസ്സ് അക്ഷരാര്‍ത്ഥത്തില്‍ ആ രാഗമാധുരിയില്‍ ലയിച്ചു ചേര്‍ന്നു.

വില്‍സ്വരാജിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ യുക്മ സ്റ്റാര്‍ സിങ്ങര്‍ ജേതാവ് അനുചന്ദ്ര, സ്റ്റീഫന്‍ ദേവസിയുടെ കുശ് ലോഷ് സംഗീത സന്ധ്യയുടെ ജേതാവ് സന്ദീപ്, വില്‍സ്വരാജിനെ പോലും വിസ്മയിപ്പിച്ച കെന്റില്‍ നിന്നുള്ള കൊച്ചുമിടുക്കി ഹെലന്‍ റോബര്‍ട്ട്, അലന്‍, ബ്രയാന്‍, പവിത്ര, മഴവില്‍ സംഗീതത്തിന്റെ ജീവാത്മാവും പരമാത്മാവുമായി മാറിയ അനീഷ്, ടെസ തുടങ്ങിയവരും ബ്രിസ്റ്റോള്‍ ഗാനസന്ധ്യയില്‍ ഗാനങ്ങള്‍ ആലപിച്ചു.

ബ്രിസ്റ്റോള്‍ മലയാളി സമൂഹത്തിന്റെ ആത്മാവിഷ്‌കാരമായി ഈ ഗാനസന്ധ്യ മാറുകയായിരുന്നു. വൈകുന്നേരം ആറു മണിയോടെയാണ് ബ്രിസ്റ്റോള്‍ ഗാനസന്ധ്യക്ക് തുടക്കമായത്. പ്രോഗ്രാമിന്റെ മുഖ്യ സ്പോണ്‍സറായ ഇന്‍ഫിനിറ്റി ഫിനാന്‍സിയേഴ്സ് ഡയറക്ടര്‍ ജെഗി ജോസഫ് വില്‍സ്വരാജിനെ വേദിയിലേക്ക് ആനയിച്ചു. യേശുദാസിന്റെ സഹയാത്രികനായ പ്രശസ്ത സംഗീതജ്ഞന്‍ രാജഗോപാല്‍ കോങ്ങാട് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഗാനസന്ധ്യയ്ക്ക് വില്‍സ്വരാജ് തുടക്കം കുറിച്ചത്. ‘ഈശോ’ എന്ന ആല്‍ബത്തിലെ ‘യഹോവ തന്‍ ആലയത്തില്‍’ എന്ന ഗാനത്തോടെയാണ് അദ്ദേഹം കാണികളുടെ ഹൃദയത്തിലേക്ക് രാഗമാധുരി പകര്‍ന്നു നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേട്ടത് മധുരം, കേള്‍ക്കാത്തത് മധുരതരം എന്ന വിശേഷണമായിരുന്നു ഓരോ ഗാനവും ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കിയത്. കീബോര്‍ഡ് വായിച്ച മിഥുന്‍ ഉള്‍പ്പെടെ കാണികളെ കൈയ്യിലെടുക്കാന്‍ വൈദഗ്ധ്യം കാട്ടി. ശുദ്ധ സംഗീതത്തെ ഇഷ്ടപ്പെടുന്ന ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഒരു അവസരമായി ഗാനസന്ധ്യ. വില്‍സ്വരാജിലൂടെ തുടക്കമിട്ട ഭാവസാന്ദ്രമായ ഗാനങ്ങള്‍ മറ്റ് ഗായകരിലൂടെ പുതിയ ഉയരങ്ങളിലെത്തി. മികവാര്‍ന്ന ശബ്ദം കൊണ്ട് സദസിനെ വിസ്മയിച്ച് എല്ലാ പാട്ടുകളും മനോഹരമായി ആലപിച്ച ഗായകര്‍ മനോഹരമായ നിമിഷങ്ങളാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിച്ചത്.

ബ്രിസ്റ്റോളിലെ പ്രശസ്ത അവതാരകന്‍ അനില്‍ മാത്യു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതരണമികവ് പ്രകടിപ്പിച്ച് പരിപാടി കൂടുതല്‍ ആസ്വാദ്യമാക്കി. ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നടേപ്പള്ളി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. രാജേഷ് പൂപ്പാറ നന്ദി അറിയിച്ചു. ബെറ്റര്‍ ഫ്രെയിംസ് യുകെയുടെ വെബ്സൈറ്റിന്റെ ഉത്ഘാടനം സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. വളരെ കാലമായി തനിക്ക് പരിചയമുള്ള വില്‍സ്വരാജ് അനുഗ്രഹീതനായ കലാകാരനാണെന്നും നമുക്ക് ലഭിച്ച അനുഗ്രഹമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബ്രിസ്റ്റോളിലെ മലയാളികളുടെ അകത്തളങ്ങളെ അലങ്കരിക്കുന്ന ബെറ്റര്‍ ഫ്രെയിംസിന് യുകെയില്‍ ഇനിയുള്ള വഴിത്താരകളും ഭംഗിയുള്ളതാകട്ടെ എന്നും ഫാ. പോള്‍ വെട്ടിക്കാട്ട് ആശംസിച്ചു.

രാത്രി പത്തരയോടെയാണ് പരിപാടി അവസാനിച്ചത്. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് പരിപാടി അരങ്ങേറിയത്. ശബ്ദവും വെളിച്ചവും സിനോയും, അനിലും ചേര്‍ന്ന് കൈകാര്യം ചെയ്തപ്പോള്‍ കീ ബോര്‍ഡ് മിഥുന്‍, ഗിത്താര്‍ സാബു ജോസ്, ഡ്രംസ് ഗണേഷ് കുബ്ലെ, തബല സന്ദീപ് പോപാക്ടര്‍ എന്നിവര്‍ കൈകാര്യം ചെയ്തു. പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തത് യുകെയിലെ പ്രഗല്‍ഭരായ മോര്‍ട്ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.

പങ്കെടുക്കാന്‍ സാധിക്കാതെയിരുന്നവര്‍ക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചു കൊണ്ട് വില്‍സ്വരാജിന്റെ സംഗീത നിശ യുകെയിലെ മറ്റു സ്ഥലങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ്. ജൂണ്‍ 23ന് കവന്‍ട്രി, ന്യൂകാസില്‍, സിന്റന്‍, ഹോര്‍ഷം, ഗ്ലോസ്റ്റര്‍ഷെയര്‍ എന്നിവടങ്ങളില്‍ വില്‍സ്വരാജ് സംഗീത നിശ അരങ്ങേറും.