വൈകല്യം ബാധിച്ച പതിനൊന്ന് വയസുകാരന്റെ പേരില്‍ ഗാനമേള നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. റാന്നി, ഈട്ടിച്ചോട്, മുക്കരണത്തില്‍ വീട്ടില്‍ സാംസണ്‍ സാമുവല്‍(59) ആണ് പോലീസ് പിടികൂടിയത്. തട്ടിപ്പിന്റെ സൂത്രധാരനാണ് സാംസണെന്നും, രണ്ട് വര്‍ഷത്തോളമായി തട്ടിപ്പ് നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

2014 രൂപവത്കരിച്ച മുക്കരണത്ത് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗാനമേള സംഘത്തെ പിടികൂടിയ പോലീസ് സാംസണെയും, കുട്ടിയുടെ മാതാപിതാക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തട്ടിപ്പ് സംഘത്തെ നാട്ടുകാര്‍ പിടികൂടി നെടുങ്കണ്ടം പോലീസില്‍ ഏല്‍പ്പിച്ചത്. വാഹനത്തില്‍ നിന്നും ഓടിരക്ഷപെട്ട യുവാവിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. മണിമല സ്വദേശികളായ ജോയി, സുകുമാരന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

വൈകല്യം ബാധിച്ച പത്താനാപുരം സ്വദേശിയായ പതിനൊന്ന് വയസുകാരന് ചികിത്സാ സഹായം നല്‍കുന്നതിനായി എന്ന വ്യാജേനയാണ് ഗാനമേള സംഘം ഹൈറേഞ്ചിലെത്തിയത്. കഴിഞ്ഞ രണ്ടാം തിയതിയാണ് സംഘം പത്തനാപുരത്തു നിന്നും പുറപ്പെട്ടത്. കുട്ടിക്കാനം-കട്ടപ്പന റൂട്ടില്‍ പിരവ് നടത്തിയാണ് സംഘം നെടുങ്കണ്ടത്ത് എത്തിയത്. നെടുങ്കണ്ടത്തെത്തിയ സംഘത്തിന്റെ വാഹനത്തില്‍ പതിച്ചിരിക്കുന്ന ഫ്ളക്സില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ നാട്ടുകാരില്‍ ചിലര്‍ വിളിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിക്ക് ചികിത്സക്കാവശ്യമായ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ രക്ഷിതാവിന്റെ പേരില്‍ അക്കൗണ്ട് എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയുടെ അച്ഛനെ പോലീസ് വിളിച്ചപ്പോള്‍ രണ്ടാഴ്ച മുന്‍പ് സംഘം 21,000 രൂപ നല്‍കിയിരുന്നതായി പറഞ്ഞു. ഇതിനുശേഷം പണമൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രം ഹൈറേഞ്ച് മേഖലയില്‍ നിന്നും 13,000 രൂപയോളമാണ് ഇവര്‍ പിരിച്ചത്. പിരിച്ചെടുത്ത പണം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോലീസ് പിടിച്ചെടുത്ത സംഘത്തിന്റെ വാഹനം പിടിയിലായ ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇയാള്‍ക്ക് ദിവസം 1,300 രൂപയും, കസ്റ്റഡിയിലുള്ള സുകുമാരന് 600 രൂപയും, മൈക്ക് സെറ്റിന് ദിവസം 1,000 രൂപയുമാണ് സാംസണ്‍ നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. റാന്നിയില്‍ ഫര്‍ണീച്ചര്‍ വ്യാപാരവും, പഴയ വീടുകള്‍ പൊളിച്ചുവില്‍ക്കുന്ന കച്ചവടവുമാണെന്നാണ് ചോദ്യം ചെയ്യലില്‍ സാംസണ്‍ പറഞ്ഞു. സംഘത്തിന് സംസ്ഥാനത്തുട നീളം വേരുകളുള്ളതായാണ് പുറത്ത് വരുന്ന വിവരം. തട്ടിപ്പ് സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്.