കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന ഉള്‍പ്പെടെ നാലോളം വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എം.എല്‍.എയ്ക്ക് എതിരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാല് കേസുകളിലാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ മൊത്തം 115 കേസുകള്‍ എം.എല്‍.എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എം.എല്‍.എ നടത്തിയത് ആസൂത്രിത തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി. ജ്വല്ലറി ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക വീഴ്ചയാണെന്ന എം.സി കമറുദീന്‍െ്‌റ വാദം നിലനില്‍ക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ആസൂത്രിതമായി നിക്ഷേപകരെ വഞ്ചിക്കുന്നതിന് വേണ്ടി നടന്ന തട്ടിപ്പാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുസ്ലീം ലീഗിന്‍െ്‌റ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കമറുദീനെതിരെ പരാതിയും മൊഴിയും നല്‍കിയിരുന്നു.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് തട്ടിപ്പിനിരയായത്. അതുകൊണ്ടുതന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് പണം തിരിച്ചുനല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് പരാതിയിലേക്ക് എത്തുന്നതിന് മുമ്പാണ് പണം തിരികെ നല്‍കാന്‍ മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ കമറുദീന്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതിനിടെ കഴിഞ്ഞ മുസ്ലീം ലീഗ് നേതൃത്വം ജ്വല്ലറിയുടെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാനാകില്ലെന്ന് വ്യക്തമായതോടെയാണ് കമറീദിനെ ലീഗ് നേതൃത്വം കൈവിടുന്നത്. ജ്വല്ലറിയുടെ കേരളത്തിലെയും കര്‍ണാടകയിലെ ആസ്തികളില്‍ ഭൂരിഭാഗവും വിറ്റ് പണമാക്കി മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതോടെ കമറുദീന്‍ ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് നേതൃത്വം എത്തിയിരുന്നു. നേരത്തെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ലീഗ് നേതൃത്വം കമറുദീന് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ആസ്തികള്‍ ഇതിനകം വിറ്റഴിച്ചതിനാല്‍ ഇനി നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്.

നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പത്ത് കോടി രൂപയ്ക്ക് എം.സി കമറുദീനും പൂക്കോയ തങ്ങളും ബംഗളുരുവില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ ഭൂമി വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങിയത് കമ്പനി രജിസ്റ്ററില്‍ ഇല്ലെന്നും ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം വിറ്റതായും കണ്ടെത്തി. നിക്ഷേപത്തിൻെറ പേരില്‍ 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.