1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായ മുസ്തഫ ദോസ മരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. കടുത്ത രക്തസമ്മർദത്തിനും പ്രമേഹത്തിനുമൊപ്പം നെഞ്ചുവേദനയും അനുഭപ്പെട്ടതിനെത്തുടർന്ന് ഇന്നു പുലർച്ചെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2.30 ഓടെ മരിക്കുകയായിരുന്നു.
സ്ഫോടനത്തിനായി ദുബായിൽനിന്നും പാക്കിസ്ഥാനിൽനിന്നും ആയുധമെത്തിക്കാൻ ഗൂഢാലോചന നടത്തിയത് ദോസയെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു. ദുബായിൽവച്ച് സഹോദരൻ മുഹമ്മദ് ദോസയ്ക്കൊപ്പം ഗൂഢാലോചന നടത്തിയശേഷമാണ് ആയുധങ്ങൾ മുംബെയിലെത്തിച്ചത്. മുഖ്യപ്രതി ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ മറ്റു പ്രതികള്‍ക്ക് അവസരം ഒരുക്കിയതും മുസ്തഫ ദോസയായിരുന്നു.
തനിക്ക് ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് വിചാരണയ്ക്കിടെ, ദോസ മുംബൈ ടാഡ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനാറിനാണ് അബുസലേം, മുസ്തഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കോടതിവിധിച്ചത്.
1993 ലെ മുംബൈ സ്ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ 12 ഇടങ്ങളിലായാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ 700 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Leave a Reply