മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കേരള രാഷ്ട്രീയം തിളച്ചുമറിയുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ശ്രദ്ധേയമായത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധ കേരളാകോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മുത്തോലി പഞ്ചായത്തിലെ മത്സരത്തിലേയ്ക്കായിരുന്നു. കെ എം മാണിയുടെ നിയോജക മണ്ഡലത്തില്‍പെട്ട മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ  പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള കെ എം മാണിയുടെ തീരുമാനത്തില്‍ അസംതൃപ്തരായ അണികള്‍ മാറിചിന്തിച്ചതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളാകോണ്‍ഗ്രസ് പാലായില്‍ എന്നും ഒറ്റയാന്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരുടെ പ്രത്യേകിച്ച് ഐ വിഭാഗത്തിന്റെ വോട്ട് കേരളാ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിക്കാറില്ലായിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും സാഹചര്യങ്ങളില്‍ വ്യത്യാസമില്ലായിരുന്നു. കെ എം മാണി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ എം എം ജേക്കബിനെ പാലായില്‍ തോല്‍പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കോണ്‍ഗ്രസുമായിട്ടുള്ള ഈ ശീതയുദ്ധം. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കെ എം മാണിയും കേരളാ കോണ്‍ഗ്രസും എന്നും പാലായിലും പരിസര പ്രദേശത്തും വെന്നിക്കൊടി പാറിച്ചിരുന്നത്. ഇതിനുമുമ്പ് കേരളാകോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിച്ച സ്ഥലത്താണ് ഇപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചത്. ഇതാണ് കെ എം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.

പാലായിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. ജിസ്‌മോള്‍ 399 വോട്ടുകള്‍ നേടിയപ്പോള്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 282 വോട്ടുകള്‍ മാത്രമാണ്. മൂന്നാംസ്ഥാനത്ത് എത്തിയ ബിജെപി 40 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്കു പിന്നില്‍ 33 വോട്ടുകള്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഈ വോട്ടിങ്ങ് നിലയില്‍ നിന്ന് വ്യക്തമാകുന്നത് ഇടതുപക്ഷത്തിന്റെ വോട്ട് മാണി വിഭാഗത്തിന് അനുകൂലമായി മറിഞ്ഞതാണ്. എന്നിട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന ഒരു വിഭാഗം മാറി ചിന്തിക്കുന്നുണ്ടെന്നാണ്. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായ തീരുമാനങ്ങളിലും മുത്തോലി പഞ്ചായത്തിലെ ഇലക്ഷന്‍ ഫലം സ്വാധീനം ചെലുത്തും. ഈ തോൽ‌വിയിൽ ജനാതിപത്യ കേരള കോൺഗ്രസ്സിനുള്ള സ്വാധീനം ഉണ്ടോ എന്നുള്ള സംശയങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

Read more.. കോട്ടയം നഗരത്തെ നടുക്കിയ പട്ടാപ്പകൽ ആത്മഹത്യ; മൂന്ന് തവണ വണ്ടിക്കു മുൻപിൽ ചാടിയ യുവാവ് ഒടുവിൽ ലോറി കയറി മരിച്ചു, സംഭവം ഇങ്ങനെ..