കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ വച്ചു ബിരിയാണി കിട്ടാത്തതിനെ തുടര്‍ന്ന് വെയ്റ്ററെ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് വെളിപ്പെടുത്തി സീരിയല്‍ നടി അനു ജൂബി. ഇക്കാരണം പറഞ്ഞ് അനു ജൂബിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുറത്തുവന്നതില്‍ പകുതി മാത്രമാണ് സത്യമെന്ന് അനു ജൂബി പറയുന്നു. താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.മട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ അരമണിക്കൂറിനു ശേഷം ഇല്ലായെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുകയും തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി എന്നുമായിരുന്നു ഇന്നലെ പുറത്തു വന്ന വാര്‍ത്തകള്‍ എന്നാല്‍ പുറത്തുവന്ന കാര്യങ്ങള്‍ അര്‍ദ്ധസത്യം മാത്രമാണെന്ന് നടി പറയുന്നു. പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ നല്ല പെരുമാറ്റമല്ല തനിക്ക് നേരെയുണ്ടായത്.
പിറന്നാള്‍ ആഘോഷം ലക്ഷ്യമിട്ടാണ് സുഹൃത്തുക്കള്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം ഹോട്ടലില്‍ ചെന്നത്. അപ്പോള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ മേശ ഒന്നു പോലും ഒഴിവുണ്ടായിരുന്നില്ല. തുടര്‍ന്ന് താനും സുഹൃത്ത് മുനീസയും കസേരയില്‍ കാത്തിരുന്നു. മറ്റുള്ളവര്‍ പുറത്ത് നിന്നു. ഇതിനിടെ ബിരിയാണിക്ക് പറഞ്ഞിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയിറ്റര്‍ വന്ന് മട്ടന്‍ വിഭവങ്ങള്‍ ഇല്ലെന്ന് പറഞ്ഞു. ഇത് നേരത്തേ പറയരുതായിരുന്നോ എന്ന് ചോദിച്ചു , ഒപ്പം അര മണിക്കൂറായി കാത്തിരിക്കുയല്ലേ എന്നും പറഞ്ഞു. ഇതോടെ അയാള്‍ ദേഷ്യത്തോടെ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഭക്ഷണം വൈകുമെന്ന് ബിരിയാണിക്ക് പറഞ്ഞപ്പോള്‍ പോലും അവര്‍ അറിയിച്ചില്ല.
വെയിറ്റര്‍ മോശമായി പെരുമാറിയത് മൂലം അയാളെ തന്‍റെ സുഹൃത്തുക്കള്‍ മാനേജറുടെ അടുത്തേക്ക് പിടിച്ച് കൊണ്ട് പോയി .ഈ വേളയില്‍ തനിക്ക് സമീപമുണ്ടായിരുന്ന ഒരാള്‍ നീ എന്തൊരു ചരക്കാണെടീ … എന്ന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. നിന്‍റെ അമ്മയോട് പോയി പറയാന്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട സുഹൃത്ത് മുനീസയെ അയാള്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.പരാതിപ്പെടാന്‍ കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയയാള്‍ സ്റ്റേഷനിലെത്തി. അയാളെ മര്‍ദ്ദിച്ചെന്നാണ് ആരോപിച്ചത്. സ്ഥലത്തെ സി പി എം നേതാവിന്‍റെ സഹോദരനാണ് ഇയാളെന്ന് പിന്നീടാണ് മനസിലായത്.
പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മാന്യമായല്ല പെരുമാറിയത്. വനിതാ പൊലീസും മറ്റൊരു പൊലീസുകാരനും മോശമായാണ് പെരുമാറിയത്. അവര്‍ മര്‍ദ്ദിച്ചെന്നും അനു ജൂബി പറയുന്നു.പ്രശ്നമുണ്ടാക്കാനല്ല ഹോട്ടലില്‍ പോയത്. പൊലീസ് അസഭ്യം പറഞ്ഞു. വീട്ടുകാരെ വരുത്തിയാലേ സ്റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിക്കൂ എന്നൊക്കെ പറഞ്ഞു.താന്‍ മദ്യപിച്ചെന്ന് പറയുന്ന പൊലീസ് വൈദ്യപരിശോധന നടത്തിയില്ല. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വാര്‍ത്ത പ്രചരിച്ചത് താന്‍ തെറ്റ് ചെയ്തെന്നാണ്. പലരും ഫോണ്‍ ചെയ്ത് തന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നതിനാല്‍ കൂടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ പറയുന്നറ്റെന്ന് അനു ജൂബി വ്യക്തമാക്കി.
തന്‍റെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിച്ചു. എന്തിനാണിത്? പരാതിക്കാരുടെ മുഖത്ത് നോക്കി അസഭ്യം പറയുന്നത് ജനമൈത്രി പൊലീസ് സ്റ്റേഷനാണോ? പൊലീസ് സ്റ്റേഷനില്‍ ക്യാമറ ഇല്ലാത്ത സ്ഥലത്തായിരുന്നു ഇതൊക്കെ നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ഒരാളുടെ വാക്ക് കേട്ടാണ് പൊലീസ് മോശമായി പെരുമാറിയത്. തങ്ങള്‍ കുടിച്ചിരുന്നെന്ന് അയാള്‍ക്ക് എങ്ങനെ പറയാനാകും? ഏതായാലും ഇനി നിയമനടപടികളുമായി മുന്നോട്ട് പോകും. അവഹേളിച്ചവര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചവര്‍ക്കെതിരെയും കേസ് നല്‍കുമെന്ന് അനു ജൂബി പറഞ്ഞു.മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വെയ്റ്ററെ മര്‍ദ്ദിച്ചെന്നായിരുന്നു അനുവിനെതിരെ ആരോപിച്ചിരുന്നത്. താരവും കൂട്ടുകാരും മദ്യലഹരിയിലാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും സംഭവത്തിന്റെ ഒരു വശം മാത്രമാണ് പ്രചരിച്ചതെന്നും താരം പറയുന്നു.
Leave a Reply