വൈക്കം തലയോലപറമ്പിൽ പോലീസുകാരന്റെ ഭാര്യയും ഒന്നരവയസുകാരി മകളും മരിച്ചത് ഭർതൃകുടുബത്തിന്റെ പീഡനംമൂലമെന്ന് മാതാപിതാക്കൾ. മരിച്ച ദീപയുടെ ഭർത്താവ് അഭിജിത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മകളെ മർദ്ദിച്ചിരുന്നതായും, അഭിജിത്തിന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും ദീപയുടെ പിതാവ് സദാശിവനും മാതാവ് രമണിയും ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാപോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കാൻ കുടുംബം തീരുമാനിച്ചു.
ജൂൺ 29നാണ് തൃപ്പൂണിത്തുറ ഏ.ആർ ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപയെയും, മകൾ ദക്ഷയെയും മൂവാറ്റുപുഴ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിലയിരുത്തലെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതകളുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. ദീപയും കുട്ടിയും മരിച്ചദിവസം വീട്ടിൽ സംഘട്ടനം നടന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആഹാരം ചിതറി കിടന്നിരുന്നു. ദീപക്ക് ഭക്ഷണം നൽകാതെവീട്ടുകാർ പീഡിപ്പിച്ചിരുന്നു. അഭിജിത്ത് പോലിസിൽ കയറിയ ശേഷം മദ്യപിച്ച് വഴക്ക് പതിവായിരുന്നു.
മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നതായും, ഇതേചൊല്ലിയാണ് സംഭവ ദിവസം വഴക്കുണ്ടായതെന്നും ദീപയുടെ കുടുംബം ആരോപിക്കുന്നു. രാത്രിയിൽ വലിയ വഴക്ക്നടന്നിട്ട് തങ്ങളെ അറിയിക്കാതിരുന്നത് സംശയം ഉണ്ടാക്കുന്നു. അഭിജിത്തിന്റെ പിതാവ് സതീശൻ പറയുന്നതിൽ ദുരൂഹതയുണ്ട്. രാത്രിയിൽ 3 മണിയോടെ വൈക്കം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീപ ബസിൽ കയറി ഇളങ്കാവിൽ ഇറങ്ങിയതായി സൂചന കിട്ടിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം വേണം. ജില്ലാ പോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കും . നഴ്സായി വിദേശത്ത് ജോലി ചെയ്തിരുന്ന ദീപക്ക് നിലവിൽ ജോലിയില്ലാത്തതിന്റെ പേരിലും പീഡനം ഉണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വീടിന് അര കിലോമീറ്റർ മാറി ഇളംകാവ് ക്ഷേത്രത്തിന് സമീപത്ത് മൂവാറ്റുപുഴയാറിലാണ് ദീപയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടിയെ നെഞ്ചോട് ചേർത്ത് കെട്ടിവച്ച നിലയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം.
Leave a Reply