2017 ഒക്ടോബറിലാണ് ആദ്യമായി യൂറോപ്പിനു മുകളിലൂടെ റേഡിയോ ആക്ടീവ് ഘടകങ്ങളടങ്ങിയ മേഘങ്ങൾ നീങ്ങുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. റേഡിയോ ആക്ടീവ് ഐസോടോപ്പായ റുഥേനിയം 106 ആയിരുന്നു ആ മേഘപടലങ്ങളിൽ. അണുവിഭജനത്തിലൂടെ (fission) രൂപപ്പെടുന്നതാണിത്. മേഘങ്ങളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവയുണ്ടായിരുന്നുള്ളൂവെങ്കിലും യൂറോപ്പിനു മുകളിൽ ആശങ്ക പരത്താൻ അതുതന്നെ ധാരാളമായിരുന്നു.
റഷ്യയ്ക്കു കീഴിലുള്ള യൂറൽസ് മേഖലയിൽ നിന്നാണ് ഇതു വരുന്നതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ റേഡിയോ ആക്ടീവ് മേഘങ്ങള്‍ക്കു പിന്നിൽ തങ്ങളല്ലെന്ന് അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സഹിതം റഷ്യ വാദിച്ചു. പക്ഷേ യൂറോപ്പിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപ്പോർട്ടില്‍ സംശയത്തിന്റെ വിരൽമുന വീണ്ടും നീളുന്നത് റഷ്യയ്ക്കു നേരെയാണ്. അതിനെയും എതിർക്കുകയാണ് റഷ്യ.
മലിനീകരണം ഉണ്ടായ സ്ഥലം എവിടെയെന്നു കണ്ടെത്താൻ ഉതകുന്ന കാര്യമൊന്നും പുറത്തുവിട്ട വിവരങ്ങളിലില്ലെന്നായിരുന്നു നേരത്തേ റഷ്യൻ സർക്കാരിന്റെ കീഴിലുള്ള ആണവോർജ കമ്പനി റൊസാറ്റത്തിന്റെ വാദം. ഏതെങ്കിലും കൃത്രിമോപഗ്രഹം പൊട്ടിത്തെറിച്ചതായിരിക്കാം പ്രശ്നങ്ങൾക്കു കാരണമെന്നും റഷ്യൻ ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇത്തരമൊരു പ്രതിഭാസത്തിനു പിന്നിൽ റഷ്യയോ കസഖ്സ്ഥാനോ ആയിരിക്കുമെന്നാണ് ഫ്രഞ്ച് ന്യൂക്ലിയർ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. കസഖ്സ്‍ഥാൻ അതിർത്തിയിലെ ചെല്യബിൻസ്ക് മേഖലയിലെ മായക് പ്ലാന്റാണ് പുറന്തള്ളലിന്റെ ഉദ്ഭവകേന്ദ്രമാകാന്‍ ഏറ്റവും സാധ്യത. എന്നാൽ ഇവിടെ നിന്നൊന്നും റേഡിയോആക്ടീവ് സാന്നിധ്യമുള്ള മണ്ണിന്റെ സാംപിൾ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നു റഷ്യ വ്യക്തമാക്കുന്നു.
ഇത്തരം വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ ‘പ്രൊസീഡിങ്സ് ഓഫ് ദ് നാഷനല്‍ അക്കാദമി ഓഫ് സയൻസസിൽ’ പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. അണുമേഘങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടു തെളിവുകളുടെ പ്രശ്നം ഇതോടെ പരിഹരിക്കപ്പെട്ടെന്നാണു വാദം. വിയന്ന യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുപതോളം വിദഗ്ധരും ഉൾപ്പെട്ട സംഘവുമാണ് പഠനത്തിനു പിന്നിൽ. മുപ്പതോളം രാജ്യങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ ശേഖരിച്ച റുഥേനിയം– 106ന്റെ സാംപിളുകളാണ് ഇവർ പരീക്ഷണ വിധേയമാക്കിയത്.
സെപ്റ്റംബർ 25 മുതൽ 26 വരെ 18 മണിക്കൂർ സമയമാണ് അണുമേഘങ്ങൾക്കു കാരണമായ റേഡിയോ ആക്ടീവ് റുഥേനിയം പുറത്തേക്കു പ്രവഹിച്ച സമയമെന്നാണു കണക്കാക്കുന്നത്. എന്നാൽ വളരെ പെട്ടെന്നായിരുന്നു അതു സംഭവിച്ചത്. ചെർണോബിലിലും ഫുകുഷിമയിലും ആണവ ചോർച്ചയുണ്ടായതു ദിവസങ്ങളെടുത്തായിരുന്നു. യൂറോപ്പിലെത്തിയ റേഡിയോ ആക്ടീവ് ഘടകങ്ങളെ ആദ്യം കണ്ടെത്തിയത് 2017 ഒക്ടോബർ രണ്ടിന് ഇറ്റലിയിലെ മിലാനില്‍. ഇതേ ദിവസം തന്നെ ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, നോർവെ തുടങ്ങിയ രാഷ്ട്രങ്ങളിൽനിന്നും സമാനമായ റിപ്പോർട്ടുകളെത്തി.
ഒരു ക്യുബിക് മീറ്റർ വായുവിലെ റേഡിയോ ആക്ടിവിറ്റി ഒന്നു മുതൽ പത്തുവരെ മില്ലിബെക്വറൽസ് ആണെന്നാണു ഗവേഷകർ കണ്ടെത്തിയത്. റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റാണ് ബെക്വറൽസ് എന്നത്. സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്ന് ജർമന്‍ റേഡിയോ– ഇക്കോളജി ഗവേഷകനായ ജോര്‍ജ് സ്റ്റെൻഹോറും പറയുന്നു. ഈ പ്രതിഭാസത്തെക്കുറിച്ചു പഠിച്ച രാജ്യാന്തര സംഘത്തിൽ അംഗമായിരുന്നു സ്റ്റെൻഹോർ.
വ്യവസായശാലകളിലുണ്ടായ അപകടം മൂലമല്ല ഈ റേഡിയോ ആക്ടിവ് ഘടകം പുറത്തുവന്നത്. ഒരു ഘടകത്തിനു പകരം വ്യത്യസ്തമായ പല റേഡിയോ അക്ടിവ് ഘടകങ്ങളാണു പുറന്തള്ളപ്പെട്ടിരിക്കുന്നത്. അതിലൊന്നാണ് റുഥേനിയം– 106. റുഥേനിയം തന്നെയാണ് പ്രതിഭാസത്തിനു പിന്നിൽ ആണവ പ്ലാന്റാണെന്ന സംശയത്തിലേക്കു പ്രധാനമായും നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 250 മുതൽ 400 വരെ ടെറാബെക്വറൽസ് റുഥേനിയം– 106 ഐസോടോപ് ആണ് ആകെ പുറത്തുവന്നത്. 1986ലെ ചെർണോബിൽ ആണവദുരന്തത്തിൽ 52 ലക്ഷവും, 2011 ഫുകുഷിമയിൽ 9 ലക്ഷം ടെറാബെക്വറൽസുമാണു പുറന്തള്ളപ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളോ, മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതിരുന്നിട്ടും റഷ്യ ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്നതാണ് ആശ്ചര്യമുണ്ടാക്കുന്നതെന്നും സ്റ്റെൻഹോർ പറയുന്നു. ഇങ്ങനെയൊരു സംഭവം ഇനി എവിടെയെങ്കിലും ഉണ്ടാകുന്നതു തടയുക കൂടി ലക്ഷ്യമിട്ടാണു സംഭവത്തിന്റെ തെളിവുകൾ ഗവേഷകർ ശേഖരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇത്തരമൊരു സംഭവമുണ്ടായാൽ സമൂഹമാധ്യമങ്ങളിലെല്ലാം കാട്ടുതീ പോലെ പ്രചരിക്കേണ്ടതാണ്. എന്നാൽ ഈ വിഷയത്തിൽ അങ്ങനെയൊന്നും സംഭവിച്ചുമില്ലെന്നും സ്റ്റെൻഹോർ വ്യക്തമാക്കി. ആഴ്ചകളോളം ആണവ മേഘങ്ങൾ യൂറോപ്പിനു മുകളിൽ അലഞ്ഞുനടന്നെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. റേഡിയേഷൻ ലെവലിലും ഈ സമയത്തു വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ഇതിനു പിന്നിൽ റഷ്യയാണെന്നാണ് ഫ്രഞ്ച്, ജർമന്‍ അധികൃതരുടെയും നിലപാട്.
സ്റ്റെൻഹോർ സംശയമുനയിൽ നിർത്തിയ മായക് പ്ലാന്റ് അണുപ്രസരണത്തിന്റെ പേരില്‍ പല തവണ വാർത്തകളിൽ ഇടം പിടിച്ചതാണ്. ആഭ്യന്തര ആവശ്യങ്ങൾക്കും സൈനിക കാര്യങ്ങൾക്കും ഈ പ്ലാന്റ് ഉപയോഗിച്ചിരുന്നു. 1957 ൽ ഇവിടത്തെ ടാങ്ക് പൊട്ടിത്തെറിച്ച് ആയിരങ്ങൾക്കാണ് അണുപ്രസരണമേറ്റത്. ആണവ മാലിന്യങ്ങൾ അടുത്തുള്ള പുഴയിൽ തള്ളിയതിന്റെ പേരിൽ 2004ലും പ്ലാന്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Leave a Reply