പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്ന് പെണ്‍കുട്ടി. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കാമുകിയായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഇവരുടെ ശബ്ദ സന്ദേശവും, ഷാരോണിന്റെ ബന്ധുവിന് അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടും പുറത്തുവന്നു.
ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സന്ദേശങ്ങളില്‍ വ്യക്കമാക്കുന്നുണ്ട്. തന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് താന്‍ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോള്‍ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത്, ഇങ്ങനെ എന്തെങ്കിലും ചെയ്യാനായിരുന്നെങ്കില്‍ തനിക്ക് നേരത്തേ ചെയ്യാമായിരുന്നില്ലേ, താന്‍ തെറ്റുകാരിയല്ലെന്നും ഷാരോണ്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ ബന്ധുവിന് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നു.
സംഭവ ദിവസം ഷാരോണ്‍ ഒറ്റയ്ക്കായിരുന്നില്ല വീട്ടില്‍ വന്നത്. കൂടെ സുഹൃത്തുമുണ്ടായിരുന്നു. ഇങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നും, തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെണ്‍കുട്ടി സന്ദേശത്തില്‍ പറയുന്നുണ്ട്.
എന്നാൽ ദുരൂഹത വർധിപ്പിച്ച് രക്തപരിശോധനാഫലം പുറത്ത്. സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ ഷാരോണിന്റെ ആന്തരിക അവയവങ്ങൾക്ക് മറ്റു തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയർന്നതായാണ് പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്.
ആദ്യ രക്ത പരിശോധനയിൽ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററിൽ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. മൊത്തം ബിലിറൂബിൻ ടെസ്റ്റിൽ ഡെസീലിറ്ററിൽ 1.2 മില്ലിഗ്രാം വരെ നോർമൽ അളവായാണ് കണക്കാക്കുന്നത്. എന്നാൽ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിൻ കൗണ്ട് ഡെസീലിറ്ററിൽ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു.
ഈ മാസം 14നായിരുന്നു ഷാരോൺ പെൺ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്. പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റെക്കോർഡ് വാങ്ങാൻ ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ പോയതെന്ന് കുടുംബം പറയുന്നു.
സുഹൃത്തിനോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട് ഷാരോൺ തനിച്ചാണ് പെൺകുട്ടിയുടെ വീടിനുള്ളിലേക്ക് പോയത്. കുറച്ച് കഴിഞ്ഞ് പുറത്തുവന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി സുഹൃത്തിനോട് പറഞ്ഞു. വീട്ടിലെത്തിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ആശുപ്ത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ടു. 17ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനശേഷി കുറഞ്ഞതായി തെളിഞ്ഞു. 9 ദിവസത്തിനുള്ളിൽ അഞ്ച് ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
Leave a Reply