തിരുവനന്തപുരം: ലിഗ മരിച്ചത് ശ്വാസം മുട്ടിയാകാമെന്ന് നിഗമനം. മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതോടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുകയാണ്. രാസപരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരുകയുള്ളു. പ്രാഥമിക നിഗമനങ്ങള്‍ പോലീസിന് കൈമാറി.

കോവളത്ത് ലിഗയെ വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും പുറത്തു വന്നിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഡ്രൈവറായ സജി മൊഴി നല്‍കിയത്. ഇതും മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്നതാണ്. ജാക്കറ്റ് ലിഗയുടേതല്ലന്ന് സഹോദരി ഇല്‍സിയും വ്യക്തമാക്കിയിരുന്നു.

തിരുവല്ലത്തെ കണ്ടല്‍കാടില്‍ ലിഗ എങ്ങിനെ എത്തിയതെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. ലിഗയെ കടവ് കടത്തിയിട്ടില്ലെന്നാണ് കടത്തുകാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫോറന്‍സിക് നിഗമനങ്ങളും മൊഴികളും സ്വാഭാവിക മരണമെന്ന പോലീസ് നിഗമനത്തെ തള്ളുകയാണ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.