ഒരു കിണറിനെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹതയ്ക്ക് ഉത്തരം തേടുകയാണ് ഈ നാടും വനം വകുപ്പും പൊലീസും. കാട്ടിനുള്ളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തെ കിണറില്‍നിന്ന് എന്തിനാണ് ആരോ ആരുമറിയാതെ മണ്ണും ചെളിയും കോരിയത്? കിണറിലെന്തായിരിക്കും ഉണ്ടായിരുന്നത്, നിധിയായിരിക്കുമോ? ഈ ചോദ്യങ്ങളാണിപ്പോള്‍ ജാനകിക്കാട് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കുറച്ചുദിവസമായി ഉയര്‍ന്നുകേള്‍ക്കുന്നത്.
കുറ്റ്യാടിക്കടുത്തുള്ള മരുതോങ്കര പഞ്ചായത്തില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള ജാനക്കാട്ടിലാണ് നൂറു വര്‍ഷം പഴക്കമുള്ള ദുരൂഹത മുറ്റിനില്‍ക്കുന്ന ഈ കിണര്‍ സ്ഥിതിചെയ്യുന്നത്. കാടിനു നടുവിലായി പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തുള്ള കിണര്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
അടിത്തട്ടോളം കല്ല് ഉപയോഗിച്ച് കെട്ടിയ കിണര്‍ കാലപ്പഴക്കമൂലം മണ്ണിടിഞ്ഞും മാലിന്യം നിറഞ്ഞും പകുതിയിലേറെയും മൂടിയനിലയിലായിരുന്നു. ആദ്യ രണ്ടു പടവുകള്‍ മാത്രമാണു നോക്കിയാല്‍ കാണാമായിരുന്നത്. ഈ കിണറിലെ മണ്ണും ചെളിയുമാണ് ഒരു സുപ്രഭാതത്തില്‍ ആരൊക്കെയാണു ചേര്‍ന്ന് നീക്കിയിരിക്കുന്നത്. ഏതായാലും ഒരാള്‍ക്കു മാത്രമായി ഇത്രയും മണ്ണ് നീക്കാനാവില്ല. അപ്പോള്‍ ഇതൊരു കൂട്ടായ ശ്രമമാണ്. അതെന്തിനായിരിക്കുമെന്നുള്ള ചോദ്യത്തിന് ഇതുവരെയും ഉത്തരമായിട്ടില്ല.
500 വര്‍ഷം പഴക്കമുള്ള മരതോങ്കര തൃക്കൈപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് ഏതാണ്ട് 200 മീറ്റര്‍ മാത്രം അകലെയാണ് ഈ കിണര്‍. ക്ഷേത്രത്തിൽ നേരത്തെ നടന്ന താംബൂലപ്രശ്‌നത്തില്‍ സമീപത്തെ കിണറ്റില്‍ നിധിയുണ്ടെന്നു പ്രവചിച്ചിരുന്നു. നിധി ലക്ഷ്യം വച്ചാണോ കിണറിലെ മണ്ണ് നീക്കിയതെന്നാണ് പൊതുവെ ഉയരുന്ന സംശയം.
ഏതാനും ദിവസം മുന്‍പാണു സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മരങ്ങളും വള്ളികളും പന്തലിച്ചിരിക്കുന്ന ഈ ഭാഗത്ത് എത്തിപ്പെടുക അത്ര എളുപ്പമല്ല. കിണറില്‍നിന്ന് പുറത്തെടുത്ത മണ്ണ് സമീപത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇത്രയും മണ്ണ് പുറത്തെടുക്കാന്‍ ഒന്നിലേറെ ആളുകള്‍ ഉത്സാഹിച്ചാല്‍ പോലും ദിവസങ്ങള്‍ വേണം. മണ്ണ് പുറത്തെടുക്കാന്‍ ഉപയോഗിച്ച കൈക്കോട്ട് ഉള്‍പ്പെടെയുള്ള പണിയായുധങ്ങളും തോര്‍ത്തും ഇവിടെ കണ്ടെത്തി.
അജ്ഞാത സംഘത്തിന്റെ ദിവസങ്ങള്‍ നീണ്ട ‘മണ്ണുനീക്കല്‍ ഓപ്പറേഷനെ’ക്കുറിച്ച് നാട്ടുകാര്‍ക്കോ വനം വകുപ്പിനോ ഒരു ചെറിയ സൂചന പോലും ലഭിച്ചിട്ടില്ലെന്നതു സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സംഭവത്തില്‍ വനംവകുപ്പും തൊട്ടില്‍പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശം നല്ല പരിചയമുള്ളവര്‍ക്കു മാത്രമേ കിണറിനടുത്തേക്ക് എത്തിപ്പെടാന്‍ കഴിയൂവെന്നതിനാല്‍ അക്കാര്യം കേന്ദ്രീകരിച്ചാണു വനം വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം. അജ്ഞാതസംഘത്തിനു പ്രദേശവാസികളുടെ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. കിണറില്‍ നിധിയായിരിക്കുമുണ്ടായിരുന്നതെന്ന അഭ്യൂഹം പരന്നതോടെ ഇവിടേക്കു സന്ദര്‍ശകരുടെ തിരക്കാണ്.
കോഴിക്കോട് നഗരത്തില്‍നിന്ന് 55 കിലോ മീറ്റര്‍ അകലെ കുറ്റ്യാടിക്ക് അടുത്തായാണു ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മരുതോങ്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജാനകിക്കാട് പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണ്. ദൂരെ ദിക്കുകളില്‍നിന്നുപോലും ഇവിടെ നിത്യേന സന്ദര്‍ശകര്‍ എത്താറുണ്ട്. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്നും പാലേരിയില്‍നിന്നും ജാനകിക്കാടിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്റെ സഹോദരി വി കെ ജാനകി അമ്മയുടെ പേരിലുള്ള എസ്‌റ്റേറ്റാണ് പിന്നീട് ജാനകിക്കാട് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. എസ്‌റ്റേറ്റിന്റെ നിയന്ത്രണം നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാരിനു ലഭിക്കുകയായിരുന്നു. വന്യജീവികളില്ലാത്ത ഈ കാട് അപൂര്‍വയിനം മരങ്ങളുടെയും പൂമ്പാറ്റകളുടെയും കോഴി വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെയും കേന്ദ്രമാണ്.
ജാനകിക്കാടിനോട് ചേര്‍ന്നുള്ള, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ, കുത്തിയൊഴുകുന്ന പുഴയും വശ്യമനോഹരമാണ്. അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുന്ന ഈ പുഴ അപകടകാരികൂടിയാണ്. അടുത്തിടെ സെല്‍ഫിയെടുക്കുന്നതിനിടെ ദവദമ്പതികളില്‍ ഒഴുക്കില്‍പ്പെടുകയും വരന്‍ മരിക്കുകയും ചെയ്തിരുന്നു.
Leave a Reply