മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ.എ.ജയതിലകിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ നടപടി വരാനിരിക്കെ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുന്‍മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാള്‍ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.

ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുന്നതിനിടെയാണ് എന്‍. പ്രശാന്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി. വഞ്ചനയുടെ പര്യായമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ആഴക്കടല്‍ മത്സ്യബന്ധനം അതിന്റെ തെളിവാണെന്നും മേഴ്‌സിക്കുട്ടിയമ്മ കാര്യകാരണ സഹിതം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍.പ്രശാന്ത് രംഗത്തെത്തിയിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയതിലകിനെയും ഗോപാലകൃഷ്ണനെയും വാര്‍ത്ത കൊടുത്തതിന് മാതൃഭൂമിയേയും വിമര്‍ശിച്ച് നേരത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. ഒരുപാട് പേരുടെ ജീവിതം ജയതിലക് തകര്‍ത്തെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ പേജിലൂടെ പുറത്തുവിടുമെന്ന മുന്നറിയിപ്പുമുണ്ട്.

ഐ.എ.എസുകാരുടെ ചട്ടപ്രകാരം സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണെന്നും മാതൃഭൂമിയേയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ അല്ലെന്നും അഞ്ചുകൊല്ലം നിയമം പഠിച്ച തന്നെ പഠിപ്പിക്കാന്‍ വരണ്ടെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. ‘ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ’, പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.

‘പൊതുജനമധ്യത്തില്‍ സിവില്‍ സര്‍വ്വീസിന്റെ ‘വില’ കളയാതിരിക്കാന്‍ മൗനം പാലിക്കാനും ചിലര്‍ ഉപദേശിക്കുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും, ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വ്വീസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പന്‍ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളില്‍ ‘പീഡോഫീലിയ’ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെക്കാന്‍ ഉപദേശിക്കുന്ന അതേ ലോജിക്! വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും. നടപടിയെടുക്കാന്‍ ഒരുങ്ങുമ്പോഴും വെല്ലുവിളി തുടരുകയാണ് പ്രശാന്ത്.

മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിക്കാണ് സര്‍ക്കാര്‍ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമര്‍ശനം തുടരുകയാണ് പ്രശാന്ത്. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് സര്‍വ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനയോ വിമര്‍ശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിന്റെ വെല്ലുവിളി. ഒരു ഒത്ത് തീര്‍പ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിന്റെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ജയതിലകിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ പറഞ്ഞാണ് പ്രശാന്തിന്റെ വിമര്‍ശനം.