നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബർ 18ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും പോലീസിനോട് ആരാഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റിയ കോടതി, കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 10ന് നാദിർഷാ ഹാജരാകണമെന്നും നിർദ്ദേശിച്ചു.
കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഇങ്ങനെ
‘നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥ പോലെ നീളുകയാണല്ലോ? വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ?
ബുദ്ധി ഉപയോഗിച്ചാണോ അതോ ടവർ ലൊക്കേഷൻ നോക്കിയാണോ അന്വേഷണം? ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം നീണ്ടു പോകുന്നത് എന്താണ്? ക്രിമിനൽ ചട്ടപ്രകാരമായിരിക്കണം നടപടികൾ. കുറ്റപത്രം സമർപ്പിച്ച ശേഷം പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണ്? നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? നാദിർഷായെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിൽ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്തിന്? അന്വേഷണം എന്നാണ് തീരുക?
Leave a Reply