പതിമൂന്നു മണിക്കൂർ നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിൽ ജനപ്രിയ താരം ദിലീപിനെ ഉറ്റ സുഹൃത്തു കൈവിട്ടു. നടിയെ ആക്രമിച്ച സംഭവത്തിൽ തുടങ്ങി ദിലീപിന്‍റെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിലെ അതീവ രഹസ്യ വിവരങ്ങളും ചോദ്യം ചെയ്യലിൽ നാദിർഷ അന്വേഷണ സംഘത്തിനു മുന്നിൽ തുറന്നു പറഞ്ഞു. ദിലീപിന്‍റെ മാനേജരും സഹായിയുമായിരുന്ന അപ്പുണ്ണയുടെ മൊഴികളും ദിലീപിനു തിരിച്ചടിയാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്നും സൂചന കിട്ടിയിട്ടുണ്ട്.
ദിലീപിനെതിരേ സാമ്പത്തിക കുറ്റങ്ങൾ ഉണ്ടെന്നും അത് അതീവ ഗൗരവമാണെന്നും പോലീസ് പറയുന്നു. നടിയുമായി നടത്തിയ ബിനാമി ഇടപാടുകൾ കള്ളപണം ഒഴിവാക്കാൻ വേണ്ടിയായിരുന്നു എന്നും മൊഴിയിൽ വ്യക്തമാകുന്നു. സാമ്പത്തിക കുറ്റം വ്യക്തമായതായി പറയുന്ന പോലീസ് തുടർ നടപടികളും ആലോചിക്കുകയാണ്.
ദിലീപും നാദിർഷയും ഉൾപ്പെട്ട സംഘത്തിനു കേരളത്തിന് അകത്തും പുറത്തുമായി കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ചു വാര്യരും രണ്ടാം ഭാര്യ കാവ്യ മാധവനും അക്രമണത്തിന് ഇരയായ നടിയുമൊക്കെ ഉൾപ്പെട്ട് കോടികൾ മുതൽ മുടക്കുള്ള ഒരു വൻ ശ്യംഖല തന്നെയാണ് ദിലീപിന്‍റെ ബിസിനസിനു പിന്നിലുള്ളത്. മറ്റാർക്കും അറിയാത്ത നിരവധി ഇടപാടുകൾ ദിലീപും നാദിർഷയും തമ്മിലുണ്ടെന്നും നേരത്തെ അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം തന്‍റെ സ്വത്തുക്കളിൽ ഒരു ഭാഗം കേസ് തീർക്കുന്നതിന്‍റെ ഭാഗമായി ദിലീപ് മഞ്ചുവിനു നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം ദിലീപും നാദിർഷയും തമ്മിൽ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ഇരുവരുമായി അടുത്ത ബന്ധങ്ങളിൽ നിന്നും വാർത്തകൾ പുറത്തു വന്നിരുന്നു. നാദിർഷയ്ക്ക് കൂടി മുതൽ മുടക്കുള്ള ബിസിനസുകളുടെ ഷെയർ ദിലീപ് സ്വന്തം ഇഷ്ടപ്രകാരം മഞ്ചുവിനു നൽകുകയായിരുന്നു. ഇതെ ചൊല്ലി ഇരുവരും മാനസികമായി അകലം പാലിച്ചിരുന്നതായും സൂചനയുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ ആരോപണം ഉയർന്നതിനു പിന്നാലെ നാർദിർഷയും ദിലീപും പദ്ധതിയിട്ട ചില വൻ പ്രൊജക്ടുകൾ മുടങ്ങിയിരുന്നു. ഒരു ദുബായ് പര്യടനം തന്നെ റദ്ദാക്കപ്പെട്ടു. ഇതോടെ കോടികളുടെ നഷ്ടമാണ് ഇരുവർക്കും ഉണ്ടായത്. കേസ് ഒതുക്കി തീർക്കണമെന്ന് നാദിർഷ ആദ്യം മുതൽ ആവശ്യപ്പെട്ടെങ്കിലും ദിലീപ് കൂട്ടാക്കിയില്ല. ഇത് ഇൻഡസ്ട്രിയിൽ ഇരുവർക്കും ഏറെ ക്ഷീണമുണ്ടാക്കിയിട്ടുമുണ്ട്.
പൾസർ സുനിയുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും സുനിയുടെ സഹതടവുകാരൻ തന്നെയും ഇതിലേക്ക് വലിച്ചിഴച്ചത് ദിലീപ് കാരണമാണ്. ഇന്നലെ ദിലീപിനു വേണ്ടിയാണ് താനും പൊലീസ് കസ്റ്റഡിയിൽ 13 മണിക്കൂറോളം ചിലവഴിക്കേണ്ടി വന്നതും. ഇത് നാദിർഷയെ ചൊടിപ്പിച്ചുവത്രേ. ചോദ്യം ചെയ്യലിൽ നാദിർഷ വികാര നിർഭരമായി ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചു. ദിലീപിന്‍റെ കോടിക്കണക്കിനു രൂപയുടെ ബിസിനസുമായി ബന്ധപ്പെട്ട വിവരങ്ങളും നാദിർഷ അന്വേഷണ സംഘത്തിനു മുൻപിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.
അതേസമയം അടുത്ത ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളിൽ അന്വേഷണ സംഘം വ്യക്തത വരുത്തും. ഇതിനു പിന്നാലെ ദിലീപിനെതിരെ കേസെടുക്കുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നുമാണ് സൂചന.
Leave a Reply