പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) കിരീടവും പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) സ്വന്തമാക്കി. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടൊപ്പം നടന്ന സിബിഎല്‍ ഫൈനലില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്സ്-4:33:80 മിനിറ്റ്), എന്‍സിഡിസി തുഴഞ്ഞ ദേവസ്(മൈറ്റി ഓര്‍സ്-4:33:93 മിനിറ്റ്) എന്നിവയെ കേവലം 11 മില്ലി സെക്കന്റുകളുടെ മാത്രം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാണ് നടുഭാഗം(4:33:69 മിനിറ്റ്) ജലചക്രവര്‍ത്തിയായത്.

അഷ്ടമുടിക്കായലിലെ ഒരു കിലോമീറ്റര്‍ ട്രാക്കില്‍ ഒരു സെക്കന്റിന്റെ നൂറില്‍ പതിനൊന്ന് അംശത്തിന്റെ വ്യത്യാസത്തിലാണ് നടുഭാഗം തുഴഞ്ഞു കയറിയത്. സിബിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരവും സമയവ്യത്യാസം കുറഞ്ഞതുമായ മത്സരമായിരുന്നു അഷ്ടമുടിക്കായലില്‍ നടന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ 11 മില്ലിസെക്കന്റുകളുടെ വ്യത്യാസവും രണ്ടും മൂന്നും തമ്മില്‍ 13 മില്ലിസെക്കന്റുകളുടെ വ്യത്യാസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:21.50 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് ‘നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ’ സ്ഥാനവും ബോണസായി അഞ്ച് പോയിന്റും ലഭിച്ചു.

ഓഗസ്റ്റ് 31-ലെ നെഹൃട്രോഫി വള്ളംകളിയില്‍ തുടങ്ങിയ നടുഭാഗം ചുണ്ടന്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ഒരു മത്സരത്തില്‍ മാത്രമാണ് പരാജയമറിഞ്ഞത്. 12 മത്സരങ്ങളില്‍ നിന്നായി 173 പോയിന്റുകളാണ് ടീം തുഴഞ്ഞെടുത്തത്. കാരിച്ചാല്‍ 86 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും 76 പോയിന്റുകളുമായി ദേവസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിബിഎല്‍ ഒന്നാം സീസണ്‍ അവസാനിക്കുമ്പോള്‍ 75 പോയിന്റുമായി യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്) നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 60 പോയിന്റുമായി അഞ്ചാം സ്ഥാനത്തും വീയപുരം (പ്രൈഡ് ചേസേഴ്സ്) 50 പോയിന്റുമായി ആറാം സ്ഥാനത്തുമാണ്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-37 പോയിന്റ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്-28) സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-26) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ആറാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും സിബിഎല്‍ അവസാന മത്സരവും സംസ്ഥാന ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എം മുകേഷ് എംഎല്‍എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.