സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട് സ്വദേശിനിയെ വീട്ടമ്മമാർ പിന്നാലെ ഓടി പിടികൂടി പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം ഉച്ചയോടെ നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. നാഗമ്പടത്തെ പള്ളിയിൽ പോകാനായി സ്റ്റാൻഡിൽ വന്നിറങ്ങിയ അയർക്കുന്നം കൊങ്ങാണ്ടൂർ പേരാലിങ്കൽ ലിസിയുടെ മാലയാണു പൊട്ടിച്ചെടുത്തത്. തെങ്കാശി സ്വദേശിനി കാളിയാണ് (36) പിടിയിലായത്. ലിസിയും അയൽവാസി ലിൻസിയും കൂടിയാണ് ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയത്. തിരക്കിനിടയിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ ആരോ പിന്നിലേക്കു വലിക്കുന്നതു പോലെ ലിസിക്കു തോന്നി. ബസിൽനിന്നറങ്ങിയപ്പോഴാണ് ലിസിയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാല കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്ന ലിൻസി പറയുന്നത്. ബസിൽ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന കൊങ്ങാണ്ടൂർ സ്വദേശിനി മേരിക്കുട്ടിയാണ് കാളിയെ കാട്ടിക്കൊടുത്തത്. മൂന്നു പേരും കാളിയുടെ പിന്നാലെയോടി. ഒരു ബസിലേക്കു ചാടിക്കയറിയ കാളിയെ മൂവരും ചേർന്നു പിടിച്ചുനിർത്തി മാല തിരികെത്തരാൻ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് കാളി പറഞ്ഞത്. കാളി തന്ത്രപൂർവം മാല ലിസിയുടെ കാലിനു സമീപത്തേക്കിട്ടിരുന്നു. മാല കിട്ടിയതോടെ കാളിയെ ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ വീട്ടമ്മമാർ തടഞ്ഞുനിർത്തി പൊലീസിൽ വിവരം അറിയിച്ചു. മുൻപും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണു കാളിയെന്നു പൊലീസ് പറഞ്ഞു. ഇവരിൽനിന്നു നിരോധിത പുകയില ഉൽപന്നവും പിടിച്ചെടുത്തിട്ടുണ്ട്.
Leave a Reply