മണിച്ചിത്രത്താഴ് എന്ന സിനിമ തിയറ്ററുകളിലെത്തിയത് 1993 ഡിസംബർ 23നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദമേകിയത് തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണെന്ന് സംവിധായകൻ ഫാസിൽ. ഒരു വാരികയ്ക്ക് കൊടുത്ത പംക്തിയിലൂടെയാണ് ഫാസിൽ ഇത് വെളിപ്പെടുത്തിയത്.
ചിത്രം പുറത്തിറങ്ങി 23 വർഷങ്ങൾക്ക് ശേഷമാണ് ദുർഗയെ സംവിധായകൻ ഫാസിൽ പരിചയപ്പെടുത്തിയത്. മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദം നൽകിയത് ആരെന്നതിൽ വലിയ ആശയക്കുഴപ്പം പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയാണ് ഈ ശബ്ദത്തിന്റെ ഉടമയെന്നായിരുന്നു എല്ലാവരും കരുതിയത്.
ശോഭനയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. വിടമാട്ടേൻ എന്ന് തുടങ്ങുന്ന നാഗവല്ലിയുടെ സംഭാഷണം ആയിരുന്നു ചിത്രത്തിലെ ഹൈ ലൈറ്റ്. ഫാസിലിന്റെ വിശദീകരണം ഇങ്ങനെ…
ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് നിർമാതാവ് ശേഖർ സാറിനും കൂട്ടർക്കും മലയാളം, തമിഴ് സ്വരങ്ങൾ തമ്മിൽ ചില ഇടങ്ങളിൽ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണ് നാഗവല്ലിയുടെ പോർഷൻ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാൻ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താൻ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.
ഫാസിലിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് എഫ് എം റേഡിയോ ചാനലിലൂടെ ദുർഗ തന്റെ ആഹ്ലാദവും അറിയിച്ചിരുന്നു. ഇത്രയും വർഷം ഇക്കാര്യത്തിൽ താൻ നിരാശയായിരുന്നു. സംവിധായകൻ തന്നെ അംഗീകരിച്ച് രംഗത്തുവന്നതിൽ സന്തോഷമുണ്ടെന്നും ദുർഗ പറഞ്ഞു.
Leave a Reply