ശ്മശാനത്തിൽ പകുതി കത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരുനെൽവേലി ജില്ല സമുഹരങ്കപുരം സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ റെസി(34)യുടെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സുഹൃത്തുക്കളായ ഫൈസൽ,കേദീശ്വരൻ,പഴനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത് – കൊലചെയ്യപ്പെട്ട റെസി ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞുവരികയാണ്. ഫൊട്ടോഗ്രാഫറായ റെസി തൊഴിൽ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു നാഗർകോവിലിലേക്കു വരുന്നതിനിടെ കന്യാകുമാരി പെരുമാൾപുരത്തിലുള്ള അഭയാർഥിക്യാംപിൽ കുടുംബത്തോടെ വസിക്കുന്ന സുഹൃത്തുകൂടിയായ കേദീശ്വരനെയും കാണുക പതിവാണ്.
അടിക്കടി വീട്ടിലെത്തിയിരുന്ന റെസി തന്റെ സഹോദരിയുമായി ഇടപഴകി വന്നതു കേദീശ്വരൻ വിലക്കിയിരുന്നു. എന്നാൽ വിലക്ക് വകവയ്ക്കാതെ റെസി സഹോദരിയുമായി കൂടുതൽ അടുത്തത കേദീശ്വരനു പക ഉണ്ടാകാൻ കാരണമായി. ഇതിനിടെ ഇവരുടെ സുഹൃത്ത് കന്യാകുമാരി സ്വദേശി ഫൈസൽ നടത്തിയ വിരുന്നിൽ പങ്കെടുക്കുവാൻ റെസിയെ ക്ഷണിക്കുന്നതിനായി സുഹൃത്തുക്കളായ കേദീശ്വരൻ, ശുചീന്ദ്രം സ്വദേശി പഴനി എന്നിവരുമൊത്തു റെസിയുടെ വീട്ടിലേക്കു പോയി.
റെസിയുടെ കാറിലായിരുന്നു നാലുപേരുടെയും മടക്കയാത്ര. യാത്രയ്ക്കിടെ റെസിയും കേദീശ്വരനും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. ഇതിനിടെ കേദീശ്വരൻ താൻ ഒളിപ്പിച്ചുവച്ചിരുന്ന കത്തി ഉപയോഗിച്ചു റെസിയെ കുത്തുകയായിരുന്നു.
കാറിനുള്ളിൽ വച്ചുതന്നെ റെസി മരിച്ചു.തുടർന്നു കരിയമാണിക്യപുരത്തുള്ള ശ്മശാനത്തിൽ എത്തിച്ച മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കാർ നാഗർകോവിലിലുള്ള ഒരു കല്യാണമണ്ഡപത്തിനു മുന്നിൽ ഉപേക്ഷിച്ചശേഷം മൂവരും കടന്നുക ളഞ്ഞു. സിസിടിവി ദൃശ്യത്തിൽ നിന്നു സംശയകരമായ നിലയിൽ ഒരു കാർ പൊലീസ് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വള്ളിയൂർ സ്വദേശി റെസിയുടെതാണെന്ന് അറിയാൻ സാധിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെസിയെ കാണാതായതായി അറിയാൻ കഴിഞ്ഞു. ബന്ധുക്കളെത്തിയാണ് മൃതദേഹം റെസിയുടെതാണെന്നു തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷണത്തിൽ റെസിയുടെ മൊബൈൽഫോണിൽ അവസാനമായി വന്ന കോൾ ഫൈസലിന്റെതാണെന്ന് കണ്ടെത്തി.തുടർന്ന് ഫൈസലിനെ ചോദ്യംചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Leave a Reply