കോഴിക്കോട്: അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കരുത്തും പ്രതീകവുമായിരുന്ന നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു വര്‍ഷങ്ങളായി അര്‍ബുദമായി മല്ലിട്ടാണ് മുന്നോട്ടുപോയിരുന്നത്.
പതിനായിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. അര്‍ബുദം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ‘അതിജീവനം’ എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാര്‍ന്നുതിന്ന അര്‍ബുദം അവസാനം നന്ദുവിന്റെ ശ്വാസകോശത്തേയും കീഴടക്കിയതോടെയാണ് തന്റെ ജീവിതം മരണത്തിന് വിട്ടുകൊടുക്കാന്‍ നന്ദു തയ്യാറായത്.
ഓരോ തവണയും അര്‍ബുദം കടന്നാക്രമിക്കുമ്പോള്‍ ആശുപത്രിയില്‍ അഭയം തേടുന്ന നന്ദു ചിരിച്ച മുഖവുമായാണ് തിരിച്ചിറങ്ങി വന്ന് ജിവിതത്തില്‍ ഒരു ഘട്ടത്തിലും തോറ്റുകൊടുക്കരുതെന്ന് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും നന്ദു മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തുമായിരുന്നു.
കീമോ തെറാപ്പിയും സര്‍ജറിയും ഇനി നടക്കില്ലെന്നും ഇനി ഒരു പ്രതീക്ഷയുമില്ലെന്നും പാലിയേറ്റീവ് കെയര്‍ മാത്രമാണ് ആശ്രയമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൂന്ന് ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്രയും നടത്തിയ ശേഷമാണ് നന്ദു വീണ്ടും ആശുപത്രിയില്‍ എത്തിയത്.
Leave a Reply