യുകെ മലയാളികളെ പലപ്പോഴും വിസ്മയിപ്പിക്കുന്ന രീതിയില്‍ സംഗീതവും ഹാസ്യവും കോര്‍ത്തിണക്കി നിരവധി സ്റ്റേജുകളില്‍ മിന്നിത്തിളങ്ങിയ ഗ്രേസ് മെലഡിയോസ് മ്യൂസിക് ബാന്‍ഡ് ഒരിക്കല്‍ കൂടി തങ്ങളുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനായി കടല്‍ കടക്കാനൊരുങ്ങുന്നു. നോര്‍വെയിലെ മലയാളികള്‍ ഓണത്തിന് ഒരുമിച്ചു കൂടുമ്പോള്‍ അവരുടെ മുന്‍പില്‍ അരങ്ങേറുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടത് യുകെയുടെ പ്രിയപ്പെട്ട ഗ്രേസ് മെലഡിയോസ് മ്യൂസിക് ബാന്‍ഡ് ആണ്. യുകെയിലെ അറിയപ്പെടുന്ന ഗായകരായ നോബിള്‍ മാത്യു, രാജേഷ്‌ ടോംസ്, ലീന നോബിള്‍, ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ വരുണ്‍ മയ്യനാട് എന്നിവരാണ് നോര്‍വീജിയന്‍ മലയാളി അസോസിയേഷന്‍ (നന്മ) അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തില്‍ അതിഥികളായി പോകുന്നത്.

ഗ്രേസ് മെലോഡിയോസ് മ്യൂസിക് ബാന്‍ഡ് നടത്തുന്ന മൂന്നാമത്തെ വിദേശ പര്യടനമാണ് ഇത്തവണത്തെ ഓണത്തിന് നടത്തുന്നത്. ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം ഡെന്മാര്‍ക്കില്‍ പ്രോഗ്രാം അവതരിപ്പിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. നോര്‍വേ കൂടാതെ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും പ്രോഗ്രാം അവതരിപ്പിക്കാനുള്ള ക്ഷണം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

നോര്‍വെയിലെ ഫോക്കെറ്റ്സ് ഹസ്സില്‍ നാളെ വൈകുന്നേരം ആണ് ഗ്രേസ് മെലോഡിയോസ് മ്യൂസിക് ബാന്ദ് പ്രോഗ്രാം അരങ്ങേറുന്നത്. എല്ലാ നോര്‍വീജിയന്‍ മലയാളികളെയും ഈ മനോഹര പ്രോഗ്രാം ആസ്വദിക്കുന്നതിനും ഓണാഘോഷ പരിപാടികളില്‍ സംബന്ധിക്കുന്നതിനും ആയി പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി നോര്‍വീജിയന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 00474884031
ഇമെയില്‍ : [email protected]