ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

‘ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് മറഡോണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍’ (വിത്ഡ്രോവല്‍ സിന്‍ഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.